തിരുവനന്തപുരം:  കേന്ദ്രസര്‍ക്കാര്‍ പ്രവാസി മലയാളികളെ അവഗണിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പ്രവാസികളുടെ യാത്രാ ദുരിതത്തിന് സര്‍ക്കാര്‍ പരിഹാരം കാണുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Subscribe Us:

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്ന എയര്‍ ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ചുള്ള സി.പി.ഐ.എം മാര്‍ച്ച് നെടുമ്പാശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

Ads By Google

അധികാരം ഒഴിയും മുന്‍പ് കോടികള്‍ കൈക്കലാക്കാനാണ് കേരളത്തിലെ മന്ത്രിമാരുടെ ശ്രമം. ഇതിനിടെ പ്രവാസികളുടെ പ്രശ്‌നം പഠിക്കാന്‍ അവര്‍ക്ക് സമയം കിട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് സി.പി.ഐ.എം മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരത്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കരിപ്പൂരില്‍ നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ അവഗണിക്കുകയാണെന്നും യാത്രക്കാര്‍ക്ക് പീഡനമാണ് നേരിടേണ്ടി വരുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.