എഡിറ്റര്‍
എഡിറ്റര്‍
പശ്ചിമഘട്ട സംരക്ഷണം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വീണ്ടും പിന്തുണച്ച് വി.എസ്
എഡിറ്റര്‍
Tuesday 7th January 2014 10:52am

v.s-achuthanandan

തിരുവനന്തപുരം:  ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വീണ്ടും പിന്തുണച്ച് പ്രതിപക്ഷ നേതാവ് ##വി.എസ് അച്യുതാനന്ദന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ക്വാറി മണല്‍ മാഫിയകള്‍ക്കെതിരായിരുന്നുവെന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ക്വാറി മാഫിയകളെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇതിനിടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അടിയന്തിര പ്രമേയം അനുവദിക്കാത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 13 ഇടത് എം.എല്‍.എമാര്‍ നിയമസഭക്ക് പുറത്ത് സത്യാഗ്രഹം ആരംഭിച്ചു.

റിപ്പോര്‍ട്ടിലെ ആശങ്കകള്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തിര നോട്ടീസ് നല്‍കിയത്. കെ.കെ ജയചന്ദ്രന്‍ എം.എല്‍.എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

അതേ സമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. റിപ്പോര്‍ട്ടിനെസംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ നിയമസഭയില്‍ ചര്‍ച്ചക്ക് വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമ വിജ്ഞാപനം സംസ്ഥാനങ്ങളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഉണ്ടാകൂ എന്നും   സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗ്രീന്‍ ട്രൈബ്യൂണലില്‍ സംസ്ഥാനം മുതിര്‍ന്ന അഭിഭാഷകരെനിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Advertisement