കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പോക്ക് ശരിയല്ലെന്ന് സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ്. വി.എസ്സിന്റെ കൂടംകുളം സന്ദര്‍ശനത്തെ കുറിച്ചാണ് ലോറന്‍സ് ഇങ്ങനെ പറഞ്ഞത്.

Ads By Google

വി.എസ്സിന്റെ കൂടംകുളം യാത്ര അച്ചടക്കലംഘനമാണെന്നും യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തേയും പാവപ്പെട്ട ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ശക്തിയെ ദുരുപയോഗം ചെയ്യുന്ന നീക്കമാണ് വി.എസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് തെറ്റാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇവിടെ സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയുമൊക്കെയുള്ള സംഘടിതമായ ഒരു പാര്‍ട്ടിയുണ്ട്. പറയാനുള്ള കാര്യങ്ങള്‍ കമ്മിറ്റിയില്‍ പറയണം. തെറ്റായ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കമ്മിറ്റിയില്‍ അത് ബോധ്യപ്പെടുത്താനുള്ള ബാധ്യത വി.എസ്സിനുണ്ട്. അങ്ങനെ ചെയ്യാതെ താനാണ് പാര്‍ട്ടിയേക്കാള്‍ വലുതെന്ന് പറഞ്ഞ് പാര്‍ട്ടിയെ ധിക്കരിക്കുന്ന സമ്പ്രദായം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അത് ഇപ്പോഴും വി.എസ് തുടരുകയാണ്. ഇത് അങ്ങേയറ്റം പാര്‍ട്ടി വിരുദ്ധമാണ്.” ലോറന്‍സ് പറഞ്ഞു.