തിരുവനന്തപുരം: കൂടംകുളം ആണവ വിഷയത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടുകളെ അതി രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വി.എസ്. വീണ്ടും രംഗത്ത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലാണ് വി.എസ് തുറന്നടിച്ചത്.

കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് ബുദ്ധികെട്ട നയമാണെന്നും പാര്‍ട്ടി സ്വയം തിരുത്തേണ്ടതുണ്ടെന്നും അച്യുതാനന്ദന്‍ പറഞ്ഞു. വണ്‍ ടു ത്രി കരാറില്‍ ഒപ്പുവെച്ചതിന്റെ പേരില്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം. അതുകൊണ്ട് കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒപ്പം കൂടംകുളം താന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Ads By Google

പ്രകാശ് കാരാട്ടിന്റെത് ബുദ്ധികെട്ട നയമാണ്. അത് തിരുത്താന്‍ അദ്ദേഹം ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് വി.എസ് പറഞ്ഞത്. മുണ്ടൂരടക്കമുള്ളിടങ്ങളില്‍ വിമത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് എം.വി.രാഘവനും ഗൗരിയമ്മയും പാര്‍ട്ടി വിട്ടപ്പോള്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് അതുണ്ടാവുന്നില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തിയോ അല്ലെങ്കില്‍ ജനങ്ങളുടെ വിമര്‍ശനങ്ങള്‍ അംഗീകരിച്ചോ പാര്‍ട്ടിക്ക് മുന്നോട്ട് പോകേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.

പതിവില്‍ നിന്നും വ്യത്യസ്തമായാണ് ഇത്തവണ ക്ലോസ് എന്‍കൗണ്ടര്‍ അരങ്ങേറിയത്. വേണു ബാലൃഷ്ണന്റെ പതിവു മുഖത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ റിപ്പോര്‍ട്ടറിന്റെ എഡിറ്ററും എം.ഡിയുമായ എം.വി.നികേഷ് കുമാറാണ് അവതാരകനായി പ്രത്യക്ഷപ്പെട്ടത്. എതിരാളിയായി വി.എസും.

റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആവില്ലെന്നും വി.എസ് വ്യക്തമാക്കി. ഒരു ജനാധിപത്യ രാജ്യത്ത്  നടക്കുന്ന അന്വേഷണം ശരിയായ ദിശയിലേയ്ക്കല്ല നീങ്ങുന്നതെങ്കില്‍ ഏതാണ് ശരിയായ അന്വേഷണമെന്ന് ചൂണ്ടിക്കാട്ടാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എമേര്‍ജിങ് കേരള പദ്ധതിയെയും പ്രതിപക്ഷനേതാവ് പരിപാടിക്കിടയില്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. അഴിമതിയല്ലാതെ മറ്റൊന്നും തന്നെ യു.ഡി.എഫ് സര്‍ക്കാരില്‍ നിന്നും നടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ സ്വതന്ത്രവും തുറന്നതുമായ സമീപനം പാര്‍ട്ടിയെ തിരുത്താനുള്ളതാണെന്നും അത് താനെങ്കിലും  ഏറ്റെടുക്കേണ്ടതല്ലേ എന്നും അദ്ദേഹം അഭിമുഖത്തില്‍ തുറന്നുപഞ്ഞു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍……

വി.എസ് അച്യുതാനന്ദന്‍ എന്ന പ്രതിപക്ഷ നേതാവ് ന്തുകൊണ്ട് എമേര്‍ജിങ്‌ കേരളാ പദ്ധതിയില്‍ പങ്കെടുത്തില്ല?

കൃഷിയെ തകര്‍ക്കാനുള്ള ആസൂത്രിതപദ്ധതിയാണ്  എമേര്‍ജിങ്‌ കേരളയിലൂടെ യു.ഡി.എഫ് നടത്തിയത്. മൊണ്ടേക് സിങ്ങിന്റെ പ്രസ്താവന ഇതിന്റ ഭാഗമാണമെന്നും ഐസ്‌ക്രീം കേസ് അടക്കമുള്ള കേസുകള്‍ മറച്ചുവെയ്ക്കാനാണ് എമേര്‍ജിങ്‌ കേരള നടത്തുന്നത്. കുഞ്ഞാലിക്കുട്ടിയെപോലുള്ളവര്‍ക്ക് അഴിമതി നടത്താനുള്ള പദ്ധതിയായിരുന്നു ഇത്.

ജിം പോലെ എമേര്‍ജിങ്‌ കേരളയും പരാജയപ്പെടും. യു.ഡി.എഫില്‍ അഴിമതിയില്ലാത്ത ഒരു പദ്ധതിയുമില്ല. കുഞ്ഞാലിക്കുട്ടി അഴിമതിയുടെ പ്രമാണിയാണ്. ഇതിന് ഉമ്മന്‍ചാണ്ടിയും കൂട്ടു നില്‍ക്കുകയാണ്. സുതാര്യമായ കാര്യങ്ങളല്ല പദ്ധതിയില്‍ നടന്നത്. അതുകൊണ്ടാണ് പങ്കെടുക്കാതെ വിട്ടുനിന്നത്.

കൊച്ചി മെട്രോ വി.എസ് ഏറെ യത്‌നിച്ച പദ്ധിതിയാണ്. അതിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നു. എന്തുകൊണ്ട്?

കൊച്ചി മെട്രോയെകുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് യു.ഡി.എഫില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് വിട്ടുനിന്നത്. ഇ. ശ്രീധരന്റെ മഹാത്മ്യം പറയുക മാത്രം ചെയ്യുന്നവര്‍ മെട്രൊ പദ്ധതിയില്‍ നിന്നും ശ്രീധരനെ പോലും ഒഴിവാക്കാനാണ് ശ്രമിച്ചത്.

‘ടോം ജോസിന്റെ നടപടികള്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്’. കമ്മീഷന്‍ പറ്റാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോഴും സര്‍ക്കാറിലുള്ളത്. പ്രതിപക്ഷനേതാവായ താന്‍ വരാത്തതില്‍ ദു:ഖിക്കുന്ന ആന്റണി ഡെല്‍ഹി മെട്രോ തലവന്‍ ഇ.ശ്രീധരന്‍ വരാത്തതില്‍ ദു:ഖിക്കാത്തത് എന്തുകൊണ്ടാണ്.

എമേര്‍ജിങ്‌ കേരളയില്‍ പങ്കെടുത്തില്ലെങ്കിലും ഈ സംവാദത്തില്‍ എല്‍.ഡി.എഫ് ഇടപെടേണ്ടതല്ലോ. അല്ലാതെ വലതുപക്ഷ സമീപനങ്ങല്‍ അടിച്ചേല്‍പ്പിക്കുന്നത്. നോക്കിയിരിക്കുകയാണോ വേണ്ടത്?

ഇതേക്കുറിച്ച് അപ്പപ്പോള്‍ മറുപടി പറഞ്ഞിട്ടുണ്ട്. അലുവാലിയയുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. കേരളത്തില്‍ ഐ.ഐ.ടി പരിഗണിക്കുന്നുവെന്ന് പറഞ്ഞ് പ്രധാനമന്ത്രി പരിഹസിക്കുകയാണ്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അലുവാലിയുടെ നിലപാട് ശരിയല്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ നികത്തല്‍ നിരോധന നിയമത്തിന് കടകവിരുദ്ധമാണമത്. ഇത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.

പ്രകാശ് കാരാട്ടിന്റേത് ബുദ്ധികെട്ട സമീപനം

കൂടംകുളം ആണവ പദ്ധതി നേരത്തെ ആരംഭിച്ചുപോയി എന്നതിന്റെ പേരില്‍ ഇനി അതേപ്പറ്റി മിണ്ടേണ്ടതില്ല എന്ന് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ആണവ നിലയം എപ്പോള്‍ തുടങ്ങിയാലും അപകടം തന്നെയല്ലേ? പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് നാം പാഠം പഠിക്കാതെ, കരാറില്‍ ഏര്‍പ്പെട്ടുപോയതാണ്. ആ കരാര്‍ ഇന്നത്തെ സാഹചര്യത്തില്‍ നടപ്പാക്കാതിരിക്കാനാകില്ലെന്ന നിലപാട് ശരിയല്ല.

കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമെന്ന നിലപാട് പാര്‍ട്ടി എടുക്കുന്നില്ലെങ്കില്‍ സി.പി.ഐ.എം ജനങ്ങളുടെ മുന്നില്‍ ഒറ്റപ്പെടും. മാത്രമല്ല, ആണവകരാറിനെ എതിര്‍ത്ത പാര്‍ട്ടി ഭരണകക്ഷിയെ ന്യായീകരിക്കുന്ന രീതിയില്‍ ലേഖനമെഴുതിയത് ബുദ്ധികെട്ട സമീപനമായി മാറും.

കൂടംകുളത്തെ വെടിവെപ്പിനെ പ്രകാശ് കാരാട്ട് ആക്ഷേപിക്കേണ്ടതായിരുന്നു. പ്രകാശ് കാരാട്ടിന്റെ ലേഖനം ജനങ്ങള്‍ക്ക് ബോധ്യമാകുന്നതല്ല. അത് ഭരണകക്ഷിയെ ന്യായീകരിക്കുന്നതാണ്. പ്രകാശ് കാരാട്ട് ശരിയായ സമീപനത്തിലേക്ക് എത്തിച്ചേരുമെന്നാണ് ഞാന്‍ കരുതുന്നത്.

കൂടംകുളം സംബന്ധിച്ച് വി.എസിനും പാര്‍ട്ടിക്കും രണ്ട് നിലപാടാണോ?

എനിക്ക് സംശയം തീരുന്നില്ല.

വി.എസ് കൂടംകുളത്തേക്ക് പോകുന്നതെപ്പോള്‍?

ഒരാഴ്ചക്കകം കൂടംകുളത്തേക്ക് പോകും. ഞാന്‍ കൂടംകുളത്ത് എത്തുന്നത് സമരസമിതി സ്വാഗതം ചെയ്തിട്ടുണ്ട്.

വി.എസിന് എങ്ങനെ പാര്‍ട്ടിക്ക് അതീതമായി സ്വതന്ത്രസമീപനം എടുക്കാന്‍ കഴിയുന്നു?

പാര്‍ട്ടി ശരിയായ നിലപാട് സ്വീകരിക്കാനുള്ള വിവാദമായി ഇതിനെ  എടുത്താല്‍ മതി. പാര്‍ട്ടി നേതൃത്വത്തെ ലംഘിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ട. ചര്‍ച്ചകളിലൂടെ മാത്രമേ തിരുത്തല്‍ വരുത്താന്‍ കഴിയൂ. അത് ആരെങ്കിലും ചെയ്യണ്ടേ? അതിന് വേണ്ടി പരസ്യസംവാദം നടത്തുകയാണ്, ശരിയായ നിലപാട് എടുക്കാന്‍ വേണ്ടി.

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്റെ ആവശ്യം കേന്ദ്രം തള്ളിയല്ലോ?

ടി.പി ചന്ദ്രശേഖരന്‍ ആത്മഹത്യ ചെയ്തതല്ല. ആരൊക്കെയോ ചേര്‍ന്ന് വെട്ടിക്കൊന്നതാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. അതുകൊണ്ട് സത്യം വെളിച്ചത്ത് വരേണ്ടതുണ്ട്. എന്നായാലും സത്യം പുറത്ത് വരും. ഇന്ന് സി.ബി.ഐയെ എതിര്‍ക്കുന്നവര്‍ പകരം എന്ത് സംവിധാനമാണ് വേണ്ടതെന്ന് കൂടി പറയേണ്ടതുണ്ട്. സി.ബി.ഐ അന്വേഷണം വേണ്ട എന്ന പാര്‍ട്ടിനിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വിഷമമുണ്ട്.

രമയ്ക്ക് കോടതിയെ സമീപിക്കാം

ടി.പി.വധത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന പാര്‍ട്ടി നിലപാട് ആളുകളെ ബോധ്യപ്പെടുത്താന്‍ വിഷമമുണ്ട്. സി.ബി.ഐ അന്വേഷണം വേണ്ട എന്ന് പറയുന്ന ആളുകള്‍ എന്താണ് ശരിയായ അന്വേഷണം എന്ന് പറയണം. പാര്‍ലമെന്ററി ജനാധിപത്യത്തിന് കീഴില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്റോ അതിന്റെ പോലീസോ ചെയ്യുന്ന കാര്യങ്ങളാണ് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ശരി.

സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന കെ.കെ.രമ കേന്ദ്രസംസ്ഥാന നിലപാടുകള്‍ നോക്കി അത് സ്വീകാര്യമല്ലെങ്കില്‍ കോടതിയിലോ മറ്റോ പോയി മറ്റ് വഴികള്‍ നോക്കുകയുമാവാം. എതായാലും ടി.പി.ചന്ദ്രശേഖരന്‍ ആത്മഹത്യ ചെയ്തതല്ല, ആരോ വെട്ടിക്കൊലപ്പെടുത്തിയത് തന്നെയാണ്. 51 വെട്ടുവെട്ടിയാണ് കൊന്നത്.

ആ സത്യം എന്നായാലും പുറത്തുവരും. ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ശരിയായ ദിശയില്‍ കേസ് നടക്കുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും അവരെ ശിക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത്.

ടി.പി.ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ ചെയ്യും. പാര്‍ട്ടി നടപടിയെടുക്കുന്നതിന് വേണ്ടിയുള്ള പ്രാഥമികമായ കാര്യങ്ങള്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകണമല്ലോ. അതുണ്ടായിക്കഴിഞ്ഞാല്‍ സസ്‌പെന്‍ഷനോ അതുപോലുള്ള കാര്യങ്ങളോ എടുക്കേണ്ടി വരും. അത് സമയത്ത് ചെയ്യും. കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയായ വിധത്തില്‍ തന്നെയുള്ളതാണെന്ന് കണ്ടാല്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകും.

ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പങ്കുണ്ടോ എന്ന കാര്യം പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അത് ചെയ്യാതിരിക്കാനാകില്ല. ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ളശ്രമം ഉണ്ടാകും എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിശ്വസിക്കുന്നത്.

കേന്ദ്രകമ്മിറ്റി പ്രമേയവും പരസ്യശാസനയും

കേന്ദ്രക്കമ്മറ്റി പ്രമേയം ദേശാഭിമാനി പ്രസിദ്ധീകരിച്ചതിനാല്‍ പൊതുസമൂഹത്തിന് മുന്നില്‍ തെറ്റ് ഏറ്റുപറയണമെന്ന നിര്‍ദ്ദേശം അപ്രസക്തമായി. പ്രമേയത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും പറയേണ്ട കാര്യമുണ്ട് എന്ന് എനിക്ക് തോന്നിയില്ല.

ഇത് സി.സി ക്ക് ബോധ്യപ്പെട്ടോ?

ഉത്തരം: അത് അവരാണ് നിശ്ചയിക്കേണ്ടത്. എന്റെ കാര്യമാണല്ലോ ചോദിച്ചത്.

തെറ്റാണെന്ന് തനിക്ക് തോന്നിയ മൂന്ന് കാര്യങ്ങള്‍ കേന്ദ്രകമ്മിറ്റിക്ക് മുമ്പാകെ തെറ്റാണെന്ന് ഏറ്റുപറഞ്ഞിരുന്നു.

ഒന്ന് ; നെയ്യാറ്റിന്‍കര വോട്ടെടുപ്പ് ദിവസം ടി.പിയുടെ വീട്ടില്‍ പോയത് ഒഴിവാക്കേണ്ടിയിരുന്നു.

രണ്ട്; ടി.പി. ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ച പിണറായി വിജയന്റെ പരാമര്‍ശം കേരള സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് എനിക്ക് തോന്നിയിരുന്നു. മരിച്ചു കിടക്കുന്ന ആളുകളെ അത്തരത്തില്‍ ആക്ഷേപിക്കുന്ന സംസ്‌കാരം നമ്മുടെ സംസ്ഥാനത്തില്ല. എങ്കിലും വിജയനെതിരായ പരസ്യവിമര്‍ശനം വേണ്ടിയിരുന്നില്ല.

വളരെ ചെറുപ്പം മുതല്‍ 34 വര്‍ഷം മുമ്പ് തന്നെ എസ്.എഫ്.ഐയിലൂടെയും ഡി.ഐ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിലുമുണ്ടായിരുന്ന ഒരു വ്യക്തിയെ നിരന്തരം കുലംകുത്തി എന്ന് വിളിക്കുന്നത് ശരിയല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കൊലപാതക രാഷ്ട്രീയവും അഴിമതിയും നിറഞ്ഞ കെ കരുണാകരന്റെ മരണം സംഭവിച്ചപ്പോള്‍ അദ്ദേഹത്തെ അഴിമതിക്കാരനെന്നോ കൊലപാതകിയെന്നോ ആരും തന്നെ വിളിച്ചിരുന്നില്ല.

മൂന്ന്; ഡാങ്കേയുമായി പിണറായി വിജയനെ താരതമ്യം ചെയ്തതും ഒഴിവാക്കേണ്ടതായിരുന്നു.

തന്റെ ഭാഗത്തുനിന്ന് സംഭാഷണത്തിന് ഇടയില്‍ വന്ന പിശകായ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് സി.സി.യെ ബോധിപ്പിച്ചിട്ടുണ്ട്. ഇത് ജനങ്ങളോട് ഏറ്റുപറയുക എന്ന നിര്‍ദ്ദേശമാണ് പിന്നെയുള്ളത്. കേന്ദ്രകമ്മറ്റിയുടെ പ്രമേയം ദേശാഭിമാനിയില്‍ വന്നതിന് ശേഷം അത് വീണ്ടും ജനങ്ങളോട് പറയേണ്ടതുണ്ട് എന്ന് തോന്നിയില്ല.

മുണ്ടൂര്‍

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വിമതപ്രവര്‍ത്തനം നടക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് പാര്‍ട്ടി ഉത്തരം പറയണം. ഉത്തരം പറഞ്ഞു കൊണ്ടിരിക്കുകയാണല്ലോ. മുണ്ടൂരില്‍ സംഭവിച്ച കാര്യങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പരിശോധിച്ചിട്ടുണ്ട്. ഗോകുല്‍ ദാസ് അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കേണ്ടതില്ല എന്ന തീരുമാനം ലീഡര്‍ഷിപ്പിന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതാണ്. അങ്ങനെ ലീഡര്‍ഷിപ്പിന് ചെയ്യേണ്ടിവരും.

ഇക്കാര്യങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവ ബന്ധപ്പെട്ടവരോട് ചോദിക്കുകയും വിശദീകരണം വാങ്ങുകയും വേണം. അച്ചടക്ക നടപടികള്‍ ചിലയിടത്ത് കീഴ്ഘടകങ്ങള്‍ സ്വീകരിക്കുന്നില്ല. തെറ്റ് ചെയ്യാത്തതിനാല്‍ ശിക്ഷിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് അവര്‍ക്ക്. അതേ സമയം തന്നെ അച്ചടക്ക നടപടിയെടുത്തവര്‍ക്കൊപ്പം ആളുകള്‍ അണിനിരക്കുന്നത് കാണുമ്പോള്‍ അവര്‍ക്കെതിരെ എടുത്ത നടപടി ശരിയാണോ എന്ന് മറുഭാഗത്തിനും തോന്നുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ചില തീരുമാനങ്ങളില്‍ എത്തേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. എം.വി.രാഘവന്റെയും കെ.ആര്‍.ഗൗരിയമ്മയുടെയും കാലഘട്ടത്തില്‍ പാര്‍ട്ടി എടുത്ത തീരുമാനം ജനം അംഗീകരിച്ചിരുന്നു. സഖാക്കള്‍ ആകെ തന്നെ പാര്‍ട്ടിയോടൊപ്പം നിന്നു.

ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും അല്ലെങ്കില്‍ ജനങ്ങളുടെ വിമര്‍ശനം പാര്‍ട്ടി അംഗീകരിക്കുയോ വേണ്ടിവരും. ശരിയായ സമീപനമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അത്ര പ്രബുദ്ധരാണ് ജനങ്ങള്‍.

കാസര്‍ഗോഡ് ഭൂദാനം

കാസര്‍ഗോഡ് വി.കെ.സോമന് ഭൂമി നല്‍കിയ വിഷയത്തില്‍ കുറ്റപത്രം നല്‍കിയാല്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുന്നു. അങ്ങനെയൊരു നില വന്നാല്‍ തന്റെ നിലപാട് പാര്‍ട്ടിയെ ബോധ്യപ്പെടുത്തും. ഞാനിങ്ങനെ പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് തുടരുന്നത് ശരിയല്ല എന്ന് ഞാന്‍ പാര്‍ട്ടിയോട് പറയും.

ഈ കേസില്‍ എതിരാളികള്‍ മാത്രമല്ല മറ്റാളുകളും പിന്നില്‍ കളിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും അത് സംഭവിക്കാന്‍ പോകുന്നില്ല. കാരണം ഇതില്‍ നാല് ഐ.എ.എസുകാരുണ്ട്. അവരെ കേസില്‍ പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി വേണം. അതുകൊണ്ട് ഈ അടുത്തകാലത്തൊന്നും കോടതിയില്‍ കേസ് കൊടുക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.

ഇക്കാലയളവില്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ ന്യായമായ വിധി വരികയും ചെയ്യും. ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടുന്നില്ലെങ്കില്‍ സുപ്രീം കോടതിയില്‍ പോകും. അതുകൊണ്ട് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്ന സംശയമോ ഉല്‍ക്കണ്ഠയോ എനിക്കില്ല.