തിരുവനന്തപുരം: സ്ത്രീ പുരുഷ സമത്വം പ്രകൃതി വിരുദ്ധമാണെന്ന കാന്തപുരത്തിന്റെ പ്രസ്താവന ആര്‍.എസ്.എസ്സിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

Ads By Google

ആര്‍.എസ്.എസ്സിന്റെ സ്ത്രീവിരുദ്ധ നിലപാടുകളേയാണ് കാന്തപുരം പിന്തുണക്കുന്നത്. ന:സ്ത്രീ സ്വതന്ത്ര്യമര്‍ഹതി എന്ന മനുസ്മൃതിയാണ് ആര്‍.എസ്.എസ് ഉയര്‍ത്തിപ്പിടിക്കുന്നത്.

സ്ത്രീ സ്വാതന്ത്ര്യവാദത്തെ ഫ്യൂഡലിസവും മതയാഥാസ്ഥിതികരും അവഹേളിച്ച് തള്ളുകയാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ഡോ. ബി. അംബേദ്കര്‍ ദേശീയ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉഡുപ്പിയില്‍ ബ്രാഹ്മണരുടെ എച്ചിലിലൂടെ ശയനപ്രദക്ഷിണം നടത്തുന്ന ദുരാചാരത്തിനെതിരെ സംസാരിച്ചതിന് എം.എ ബേബിക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു.

കേസെടുക്കുന്നതിലും നീതി ന്യായവ്യവസ്ഥയിലെ ദുരുപയോഗപ്പെടുത്തുന്നതിലും കര്‍ണാടകത്തിലെ സംഘപരിവാര്‍ സര്‍ക്കാര്‍ എല്ലാ അതിര്‍ത്തികളും ഭേദിക്കുകയാണ്. മഅദനിക്ക് നിയമം അനുശാസിക്കുന്ന നീതി നിഷേധിക്കുകയാണ്.

മഅദനിക്കെതിരായുള്ള കേസിലെ സാക്ഷികളുടെ ആധികാരികതയെ ചോദ്യം ചെയ്ത് വാര്‍ത്തയെഴുതിയ പത്രപ്രവര്‍ത്തകയായ ഷാഹിനയ്‌ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസെടുത്തിരിക്കുന്നു.

അംബേദ്കര്‍ രൂപം നല്‍കിയ ഭരണഘടനയല്ല, മറിച്ച് ഗോള്‍വാള്‍ക്കറുടെ വിചാരധാരയെയാണ് കര്‍ണാടക സര്‍ക്കാര്‍ അടിസ്ഥാനമാക്കിയിരിക്കുന്നതെന്നും വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

സ്ത്രീയുടെ കടമ ഭര്‍ത്താവിനെ ശുശ്രൂഷിച്ച് വീട്ടുജോലികള്‍ ചെയ്യലാണെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനയോട് പ്രശ്‌ന പരിഹാരത്തിന് ആരുടേതായാലും നല്ല അഭിപ്രായങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

സമൂഹത്തില്‍ സ്ത്രീയുടെ ഇടം ഏതാണെന്നാണ് അദ്ദേഹം പറഞ്ഞത്. പറഞ്ഞ മുഴുവന്‍ കാര്യങ്ങളോടും യോജിപ്പില്ലെങ്കിലും അടിസ്ഥാന ആശയും ചര്‍ച്ച ചെയ്യണമെന്നും കാന്തപുരം പറഞ്ഞു.

നമ്മുടെ സംസ്‌കാരത്തിനും പൈതൃകത്തിനും ചേരാത്ത ജീവിത രീതികളാണ് സ്ത്രീ പീഡനങ്ങള്‍ക്ക് കാരണം. സ്ത്രീയും പുരുഷനും മനുഷ്യവര്‍ഗത്തിന്റെ രണ്ട് വര്‍ഗങ്ങളാണ്.

രണ്ടും ഒന്നാണെന്ന് ധരിക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. പരസ്പരം ആദരിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കേണ്ട രണ്ട് ഘടകങ്ങള്‍ തുല്യതക്ക് വേണ്ടി മത്സരിക്കുന്നതെന്തിനാണെന്നും സ്ത്രീപുരുഷ സമത്വം പ്രകൃതി വിരുദ്ധമായ ആശയമാണെന്നും കാന്തപുരം പറഞ്ഞു.

രണ്ട് വിഭാഗത്തിനും രണ്ട് തരത്തിലുള്ള കഴിവുകളും അതിനനുസരിച്ചുള്ള ചുമതലകളുമുണ്ട്. ഇതില്‍ ഒരു വിഭാഗത്തിന്റേത് മികച്ചതും മറ്റേത് അധമവുമാണെന്ന് കരുതേണ്ടതില്ല.

ദല്‍ഹിയില്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡില്‍ ‘ഞങ്ങളോട് വസ്ത്രത്തെ കുറിച്ച് പറയേണ്ട അവരോട് ഞങ്ങളെ ആക്രമിക്കരുതെന്ന് പറയൂ’ എന്ന തരത്തില്‍ എഴുതി വെച്ചത് കണ്ടു. എന്താണിതിനര്‍ത്ഥം ‘ ഞങ്ങള്‍ വീടിന്റെ വാതിലുകള്‍ തുറന്നു പോകും, മോഷണം തടയൂ എന്ന് പറയുന്നത് പോലെയല്ലേയെന്നും കാന്തപുരം പറഞ്ഞിരുന്നു.

സ്ത്രീയുടെ കടമ ഭര്‍ത്താവിനെ ശുശ്രൂഷിക്കല്‍; ആര്‍.എസ്.എസ് നേതാവിന്റെ പുതിയ പരാമര്‍ശം