എഡിറ്റര്‍
എഡിറ്റര്‍
കിറ്റെക്‌സിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണം: അച്യുതാനന്ദന്‍
എഡിറ്റര്‍
Sunday 7th October 2012 9:45amകൊച്ചി: കിറ്റെക്‌സിനെതിരെയുള്ള മലിനീകരണ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ കമ്മിറ്റിയില്‍ സര്‍ക്കാറിന്റെ മച്ചമ്പികള്‍ മാത്രമാവരുതെന്നും  ജില്ലാ കലക്ടറും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നവരായിരിക്കണം കമ്മിറ്റിയില്‍ ഉണ്ടാവേണ്ടതെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് പ്രമുഖ വസ്ത്രനിര്‍മാണ കമ്പനിയായ കിഴക്കമ്പലത്തെ കിറ്റക്‌സ് ഗ്രൂപ്പ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചത്. കമ്പനി ഉടമയുടെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു സന്ദര്‍ശനം.

മലിനീകരണ പ്രശ്‌നങ്ങളുടെ പേരില്‍ ഏറെ വിവാദത്തിലായ കമ്പനി കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു.

Ads By Google

മലിനീകരണ പ്രശ്‌നങ്ങളുടെ പേരില്‍ ജനങ്ങള്‍ കമ്പനിക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. മലിനീകരണങ്ങള്‍ കമ്പനി കൃത്യമായി പാലിക്കുന്നുണ്ടെന്നാണ് കിറ്റക്‌സ് എം.ഡി ഷാജു.എം.ജേക്കബ് വ്യക്തമാക്കുന്നത്.

പരിസര മലിനീകരണം ആരോപിച്ച് കമ്പനിയുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ പഞ്ചായത്ത് തയ്യാറായിരുന്നില്ല. വസ്ത്രനിര്‍മാണ യൂണിറ്റില്‍ നിന്നുള്ള മാലിന്യവും കക്കൂസ് മാലിന്യവും ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കുന്നു എന്ന് വിവിധ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം, തൃക്കാക്കര എം.എല്‍.എ ബെന്നി ബഹനാന്റെയും കിഴക്കമ്പലം പഞ്ചായത്തിന്റെയും സര്‍ക്കാര്‍വകുപ്പുകളുടെയും നിരന്തര പീഡനമാണ് 252 കോടി രൂപയുടെ വികസനപദ്ധതികള്‍ ഉപേക്ഷിക്കാന്‍ കാരണമെന്ന് കിഴക്കമ്പലത്തെ കമ്പനി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സാബു. എം.ജേക്കബ് പറഞ്ഞിരുന്നു.

4000 പേര്‍ക്ക് പുതിയ തൊഴിലവസരം നല്‍കുന്ന വികസനപദ്ധതികള്‍ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2001ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും 2011ലും ഈ വര്‍ഷവും കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് തന്നിട്ടില്ലെന്നും ലൈസന്‍സ് അകാരണമായി തടഞ്ഞുവയ്ക്കുകയാണ് പതിവെന്നും സാബു.എം.ജേക്കബ് അന്ന് ആരോപിച്ചിരുന്നു.

Advertisement