കണ്ണൂര്‍: ചാല ടാങ്കര്‍ ദുരന്തത്തില്‍ ഉത്തരവാദികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും വി.എസ് പറഞ്ഞു.

Ads By Google

ദുരന്തസ്ഥലവും മരിച്ചവരുടെ വീടുകളും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച ശേഷം ഇടത് നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ അടിയന്തര സഹായത്തിന് പുറമേ ഐ.ഒ.സിയില്‍ നിന്ന് കുറഞ്ഞത് 10 ലക്ഷം രൂപ കൂടി നല്‍കണം. വീടുകളും കടകളും നഷ്ടപ്പെട്ടവര്‍ക്ക് അവ പുനര്‍നിര്‍മിച്ച് നല്‍കുകയും അതുവരെ താത്ക്കാലിക സംവിധാനമുണ്ടാക്കുകയും വേണം.

കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുന്ന കമ്പനിയാണ് ഐ.ഒ.സി. എന്നാല്‍ മനുഷ്യജീവനോടുള്ള ചുമതലാബോധം സ്ഥാപനത്തിന് ഉണ്ടാകാതെ പോയതിന്റെ തെളിവാണ് ദുരന്തമെന്നും വി.എസ് പറഞ്ഞു.

ദയനീയവും ദുഃഖകരവുമായ അവസ്ഥയാണ് ദുരന്ത ഭൂമിയില്‍ കണ്ടത്. പതിനഞ്ച് പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. മൂന്ന് പേര്‍ കൂടി അതീവ ദയനീയ അവസ്ഥയിലാണ്. കരുനാഗപ്പള്ളിയില്‍ രണ്ട്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ സമാനമായ ദുരന്തത്തില്‍ 12 പേരാണ് മരിച്ചത്. അവരുടെ ആശ്രിതര്‍ക്ക് അന്നത്തെ ഇടത് സര്‍ക്കാര്‍ മികച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിയിരുന്നു.

മനുഷ്യജീവനോട് കേന്ദ്രസര്‍ക്കാരും ഐ.ഒ.സിയും കാണിക്കുന്ന അനാസ്ഥയാണ് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. വാഹനത്തിന്റെ വേഗത, ഡ്രൈവര്‍മാരുടെ യോഗ്യത, ഡ്രൈവര്‍മാരുടെ എണ്ണം എന്നിവ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കി അവ പാലിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാ ജില്ലാ ആസ്ഥാനത്തും രക്ഷാവാഹനങ്ങള്‍ സജ്ജമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.