തിരുവനന്തപുരം: വി.എ അരുണ്‍കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന നിയമസഭാസമിതിയ്ക്കുമുന്നില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദനും എം.എ ബേബിയും ഹാജരായി. വി.എ അരുണ്‍കുമാറിനെ ഐ.സി.ടി അക്കാദമി ഡയറക്ടറായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചിട്ടില്ലെന്ന് വി.എസ് മൊഴി നല്‍കി. അക്കാദമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ഐ.എച്ച്.ആര്‍.ഡി സ്വന്തം നിലക്ക് നിയമനം നടത്തിയിരിക്കാം. ഐ.സി.ടിക്കെതിരായ ആരോപണങ്ങളാണ് അന്വേഷിക്കേണ്ടതെന്നും വി.എസ് സമിതിക്ക് മുമ്പാകെ പറഞ്ഞു.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അരുണ്‍കുമാര്‍ ചട്ടവിരുദ്ധമായി ഐ.സി.ടി അക്കാദമി ഡയരക്ടറായി എന്ന ആരോപണമാണ് നിയമസഭാസമിതി അന്വേഷിക്കുന്നത്. വി.ഡി സതീശന്‍ അധ്യക്ഷനായ സമിതി കഴിഞ്ഞമാസം വി.എസില്‍ നിന്നും മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അസൗകര്യം മൂലം വി.എസും എം.എ ബേബിയും ഹാജരായിരുന്നില്ല. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിനു ശേഷം ഹാജരാകാമെന്നായിരുന്നു വി.എസ് സമിതിയെ അറിയിച്ചത്.

നിയമന ക്രമക്കേട് പി.സി വിഷ്ണുനാഥ് നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. വി.എ അരുണ്‍കുമാര്‍, മുന്‍ ഐ.ടി സെക്രട്ടറി, ഐ.ടി മിഷന്‍ ഡയറക്ടര്‍, ഐ.എച്ച് ആര്‍.ഡി ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, പി സി വിഷ്ണുനാഥ് എന്നിവരില്‍ നിന്ന് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു.

വി .എസ് അച്യുതാനന്ദന്റെ സ്വാധീനത്തില്‍ അരുണ്‍കുമാറിന് ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറായി പ്രമോഷന്‍ നല്‍കിയതും ഐ.സി.ടി അക്കാദമിയുട ഡയറക്ടറാക്കിയതുമാണ് സമിതി അന്വേഷിക്കുന്നത്. വി.ഡി സതീശന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സിറ്റിങ് നടത്തുന്നത്. വി.എസില്‍ നിന്ന് മൊഴിയെടുക്കുന്നത് അരമണിക്കൂറോളം നീണ്ടു.

ഐ.എച്ച്.ആര്‍.ഡിയിലെ ക്രമംവിട്ട അഴിമതിയും  പ്രമോഷനുകളും അന്വേഷിക്കുന്ന നിയമസഭാ സമിതിയ്ക്ക് മുമ്പാകെ വി.എ അരുണ്‍കുമാര്‍ കഴിഞ്ഞമാസം മൊഴി നല്‍കിയിരുന്നു. ഐ.എച്ച്.ആര്‍.ഡി ,ഐ.സി.ടി ഡയരക്ടര്‍ സ്ഥാനത്തേക്ക് തന്നെ നിയമിച്ചുവെന്ന് അരുണ്‍കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയതാണ്. ഇതിനുള്ള കത്ത് തന്നിരുന്നെന്നും ഇക്കാര്യം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബിക്ക് അറിയാമായിരുന്നെന്നും മൊഴിയില്‍ പറഞ്ഞിരുന്നു. വി.എസ് അച്യുതാനന്ദന്റെയും എം.എ ബേബിയുടെയും രേഖപ്പെടുത്തിയ ശേഷം സമിതി അന്തിമ റിപ്പോര്‍ട്ട തയാറാക്കും.

Malayalam News

Kerala News In English