മലപ്പുറം: പന്തലൂര്‍ ക്ഷേത്രഭൂമി കയ്യേറിയ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂമന്ത്രി പൂഴ്ത്തിയെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. മനോരമപത്രവും കുടുംബവും കാണിച്ച വിശ്വാസവഞ്ചനയ്ക്ക് കണക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. പന്തലൂര്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല നിരാഹാരസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്.

ദേവസ്വത്തിന്റെ 131 ഹെക്ടര്‍ ഭൂമി കൈയേറിയ സംഭവത്തില്‍ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും വി.എസ് ആരോപിച്ചു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് റവന്യു മന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയതായാണ് വിവരം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയില്‍നിന്നു കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ നീക്കമെന്നും വി.എസ് വ്യക്തമാക്കി.

മനോരമ കുടുംബം പന്തലൂര്‍ ഭഗവതിയുടെ ക്ഷേത്രഭൂമി തട്ടിയെടുത്തെന്ന് മാത്രമല്ല അത് ഏക്കര്‍ കണക്കിന് മറിച്ചുവില്‍ക്കുകയും ചെയ്തിട്ടുണ്ട്.  ഭഗവതിയുടെ
ക്ഷേത്രഭൂമി നിത്യച്ചെലവിനായി ഉപയോഗിക്കുന്ന മനോരമയുടെ കള്ളത്തരങ്ങള്‍ ഇനിയും ഏറെ പുറത്തുവരാനിരിക്കുന്നതേയുള്ളു എന്നും വി.എസ് പറഞ്ഞു.

ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് റവന്യു മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ രണ്ട് ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ വാക്കും പാലിച്ചില്ലെന്നും വി.എസ് പറഞ്ഞു.

മനോരമ ഉള്‍പ്പെടുന്ന തയ്യില്‍ കുടുംബം കയ്യേറിയ പന്തലൂര്‍ ക്ഷേത്രഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ടാണ് പന്തലൂര്‍ സംരക്ഷണ സമിതി ക്ഷേത്രപരിസരത്ത് അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. ക്ഷേത്രഭൂമി കയ്യേറിയത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിരാഹാരം തുടങ്ങിയത്.

1943ല്‍ ആദ്യ 30 വര്‍ഷത്തേക്ക് 300 രൂപയും രണ്ടാമത്തെ 30 വര്‍ഷത്തേക്ക് 500 രൂപയും പാട്ടം നിശ്ചയിച്ച് നല്‍കിയ ഭൂമിയുടെ കാലാവധി 2003ല്‍ അവസാനിച്ചിട്ടും ഭൂമി വിട്ടുകൊടുത്തില്ല.  കേസ് നടത്തിപ്പ് ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി കെ.പി. മണികണ്ഠനെ ഏല്‍പ്പിച്ചതിനാല്‍ മഞ്ചേരി കോടതിയിലും ഹൈകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.

Malayalam news

Kerala news in English