എഡിറ്റര്‍
എഡിറ്റര്‍
സ്റ്റാഫ് അംഗങ്ങളെ പുറത്താക്കല്‍: കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് വി.എസ്
എഡിറ്റര്‍
Tuesday 1st January 2013 10:07am

ആലുവ: വാര്‍ത്ത ചോര്‍ത്തിയെന്ന പേരില്‍ തന്റെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ പുറത്താക്കാന്‍ തീരുമാനിച്ച സംസ്ഥാന കമ്മിറ്റി നടപടി സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

Ads By Google

ആലുവയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര കമ്മറ്റിക്ക് ശേഷം അന്വേഷിക്കാനും അപ്പോള്‍ കാര്യങ്ങള്‍ അറിയാമെന്നും വി.എസ് പറഞ്ഞു.

വി.എസിന്റെ പ്രസ് സെക്രട്ടറിയും സിപിഎം കന്റോണ്‍മെന്റ് ഹൗസ് ബ്രാഞ്ച് സെക്രട്ടറിയുമായ  കെ. ബാലകൃഷ്ണന്‍, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും പുലാമന്തോള്‍ ബ്രാഞ്ച് അംഗവുമായ വി.കെ. ശശിധരന്‍, പഴ്‌സനല്‍ അസിസ്റ്റന്റും പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ച് അംഗവുമായ എ. സുരേഷ് എന്നിവരെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.

വൈക്കം വിശ്വന്‍, എ.വിജയരാഘവന്‍ എന്നിവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയൊന്നും കൂടാതെ സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.

കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാലേ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. വിഎസിനൊപ്പം പത്തുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നവരാണ് പുറത്താക്കപ്പെട്ട മൂന്ന് പേരും.

വാര്‍ത്ത ചോര്‍ത്തിയെന്ന ആരോപണത്തിന്റെ പേരിലായിരുന്നു നടപടി. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നടപടി.

എന്നാല്‍ വി.എസിന്റെ പരാതി പരിഗണിച്ച് കേന്ദ്രനേതൃത്വം നടപടി തടയുകയായിരുന്നു. അടുത്ത കേന്ദ്ര കമ്മറ്റിയോഗം വിഷയം പരിഗണിച്ചതിന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം പാടുളളുവെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് വി.എസ് കമ്മിറ്റിയില്‍ എതിര്‍ത്തിരുന്നു. പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്കെതിരെയുള്ള ആരോപണത്തില്‍ മുമ്പ് വി.എസ് പരസ്യമായി രംഗത്തെത്തി പാര്‍ട്ടിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

 

Advertisement