എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടി സെക്രട്ടറി പറയുന്നതാണോ ജനം വിശ്വസിക്കുന്നതെന്ന് നമുക്ക് കണ്ടറിയാം; വി.എസ്.
എഡിറ്റര്‍
Saturday 30th June 2012 8:55pm

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ചുട്ട മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പാര്‍ട്ടി സെക്രട്ടറി പറയുന്നതാണോ ജനം വിശ്വസിക്കുന്നതെന്ന് നമുക്ക് അനുദിനം കണ്ടറിയാമെന്നാണ് അദ്ദേഹം പറഞ്ഞത്. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ഏത് അന്നം കഴിക്കുന്നവനും ഉറപ്പിച്ച് പറയാമെന്ന പിണറായിയുടെ പ്രസ്താവനയെ കുറിച്ചുള്ള മറുപടിയിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതാണോ നാട്ടില്‍ നടക്കുന്നതെന്ന് നമുക്ക് ഉടന്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇടതുമുന്നണി പരാജയപ്പെട്ടത് മുന്നണിശൈഥില്യം മൂലമാണെന്നും അല്ലാതെ ലോട്ടറി വിഷയമല്ലെന്നും വി.എസ് പറഞ്ഞു. പി.ഡി.പി ബന്ധവും സി.പി.ഐയില്‍ നിന്നും ജനതാദളില്‍ നിന്നും സീറ്റ് പിടിച്ചുവാങ്ങിയതും തോല്‍വിക്ക് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ്-പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മുന്നണി പരാജയപ്പെട്ടത് വി.എസ് ലോട്ടറി വിഷയത്തില്‍ നടത്തിയ ഇടപെടലുകള്‍ മൂലമാണെന്ന്  പാര്‍ട്ടി റിപ്പോര്‍ട്ടിങ്ങില്‍ പിണറായി വിജയന്‍ പറഞ്ഞിരുന്ന. ഇതിനെയാണ് വി.എസ് ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്.

ലോട്ടറി വിഷയത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ നിര്‍ത്തി സംസ്ഥാന ലോട്ടറിമാത്രം വന്നത് പ്രശ്‌നമായെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണെന്നും വി.എസ്. പറഞ്ഞു. ഘടകകക്ഷികളുടെ സീറ്റ് പിടിച്ചു വാങ്ങിയതും പി.ഡി.പിയുമായുള്ള ബന്ധവും 2009-ല്‍ മുന്നണിയെതന്നെ ശിഥിലമാക്കി. അതിന്റെ ഫലമായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ നിന്ന് നാലു സീറ്റായി കുറഞ്ഞു. അത് പിന്നീട് പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. അല്ലാതെ ലോട്ടറി വിഷയം മോശമായി കൈകാര്യം ചെയ്തതു കൊണ്ടാണെന്ന്  പറയുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് സാന്റിയാഗോ മാര്‍ട്ടിന്‍ 5000 കോടിയില്‍ പരം രൂപയോളം സംസ്ഥാനത്തു നിന്നും കൊണ്ടുപോയി. അത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യത്തെ നാലു വര്‍ഷവും തുടര്‍ന്നിരുന്നു. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം മൂലം സാന്റിയാഗോ മാര്‍ട്ടിനെ ശക്തമായി നേരിടാനുള്ള നടപടികളാണ് താന്‍ കൈക്കൊണ്ടത്. ഇതിനായി ശക്തമായ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. അതിനായി സിബി മാത്യൂസിനെ അഡ്മിനിസ്‌ട്രേറ്ററായി കൊണ്ടുവരികയും മാര്‍ട്ടിനെ കെട്ടുകെട്ടിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അന്യ സംസ്ഥാന ലോട്ടറികള്‍ ഒഴിവാക്കി സംസ്ഥാന ലോട്ടറി മാത്രം നിലനിര്‍ത്താന്‍ 2010 ഫിബ്രവരിയില്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ടി.പി വധക്കേസില്‍ പി. മോഹനനെ സിനിമാ സ്‌റ്റൈലില്‍ അറസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നും നോട്ടീസയച്ചാല്‍ അദ്ദേഹം ഹാജരാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുധാകരനെതിരെ ഉടന്‍ അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Advertisement