എഡിറ്റര്‍
എഡിറ്റര്‍
പിണറായിയെ മാറ്റണം; പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ല: വി.എസ്സിന്റെ കത്ത്
എഡിറ്റര്‍
Sunday 20th May 2012 11:58am


തിരുവനന്തപുരം: പിണറായി വിജയനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. കൊലപാതക രാഷ്ടീയം ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ തിരുത്തലുകള്‍ ഉണ്ടാവുന്നില്ലെങ്കില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്നും വി.എസ് കത്തില്‍ വിശദീകരിച്ചു. സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കുമാണ് വി.എസ്.കത്തയച്ചത്. കഴിഞ്ഞ ആഴ്ചയില്‍ തയ്യാറാക്കിയ കത്ത് കേന്ദ്ര കമ്മറ്റി അംഗം ചന്ദ്രന്‍പിള്ള വഴിയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്നതാണ് അറിയുന്നത്.

കേന്ദ്രസംസ്ഥാന കമ്മിറ്റികളുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ക്കണമെന്നും നിലവിലെ സംസ്ഥാന നേതൃത്തെ മാറ്റണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വലതുപക്ഷത്തേക്ക് അതിവേഗം പാര്‍ട്ടി നീങ്ങുന്നുണ്ട്. അതിന് പാര്‍ട്ടിയില്‍ നേതൃത്വം നല്‍കുന്നത് പിണറായി വിജയനാണ്. പാര്‍ട്ടി വലതുപക്ഷത്തേക്ക് നീങ്ങുന്നത് കാരണമാണ് വലിയ വിഭാഗം അണികള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നത്. ഈ നിലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ട് കാര്യമില്ലെന്നും അതിനാല്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്നുമാണ് കത്തിന്റെ ഉള്ളടക്കം.

ഒഞ്ചിയം സംഭവത്തിനുശേഷം സംസ്ഥാന നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ചന്ദ്രശേഖരനെ കുറിച്ച് കുലംകുത്തിയെന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിക്കുകയാണ്. ഭൂരിപക്ഷാഭിപ്രായത്തിന്റെ പേരില്‍ നേതൃത്വം ജനവിരുദ്ധനയങ്ങള്‍ പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ തീരുമാനിക്കുന്നതൊന്ന് നടപ്പാക്കുന്നത് മറ്റൊന്ന്. പാര്‍ട്ടിയില്‍ വലതുപക്ഷ ചായ്‌വ് പ്രകടമായ ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃമാറ്റം ചര്‍ച്ച ചെയ്യപ്പെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും പുനഃസംഘടിപ്പിക്കണമെന്നും പാര്‍ട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരണണെന്നും കൊലപാതക രാഷ്ട്രീയത്തെ അംഗീകരിച്ചാല്‍ പാര്‍ട്ടി തകരുമെന്നും അദ്ദേഹം കത്തില്‍ വിശദീകരിച്ചു.

ടി.പി.ചന്ദ്രരശേഖരന്‍ വധവുമായി ബന്ധപ്പെട്ടുകൊണ്ട് പിണറായി വിജയന്റെ കുലംകുത്തി പ്രയോഗം വന്നപ്പോള്‍ മുതല്‍ വി.എസ് പരസ്യമായിത്തന്നെ പാര്‍ട്ടിയുടെ സമീപനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചിച്ചിരുന്നു. 2008ല്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന്  പുറത്തു പോയതിനെ 1964ലെ പാര്‍ട്ടി പിളര്‍പ്പിനോടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഡാങ്കെയോടുമായിരുന്നു വി.എസ് സാമ്യപ്പെടുത്തിയത്.

എന്നാല്‍ കത്തയച്ച വിവരം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍ പിള്ളയും കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. പാര്‍ട്ടി ഘടകങ്ങളില്‍ മാത്രം പറയേണ്ട ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളില്‍ പറയുന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.എം ലോറന്‍സും പ്രതികരിച്ചിട്ടുണ്ട്.

Advertisement