എഡിറ്റര്‍
എഡിറ്റര്‍
വി.എസ് ഒഞ്ചിയത്ത്: ടി.പിക്ക് ആദരം
എഡിറ്റര്‍
Saturday 2nd June 2012 11:19am

 


കോഴിക്കോട്: കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വീട്ടില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ എത്തി. ഉച്ചയ്ക്ക് 12.15 ഓടെയാണ് വി.എസ് ടി.പിയുടെ വീട്ടിലെത്തിയത്. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നിന്നും 11.15 ഓടെയാണ് വി.എസ് ഒഞ്ചിയത്തേക്ക് തിരിച്ചത്.

വി.എസ് സന്ദര്‍ശിക്കുമെന്ന വിവരം അറിഞ്ഞ് വന്‍ജനക്കൂട്ടമാണ് ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ വീട്ടിലെത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് ജനക്കൂട്ടം വി.എസിന് സ്വീകരണം നല്‍കിയത്. വി.എസ് ധീരനായ കമ്മ്യൂണിസ്റ്റാണ്. നിങ്ങള്‍ ഒറ്റക്കല്ല, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജനങ്ങളില്‍ നിന്നുയരുന്നത്.

ടി.പിയുടെ ഭാര്യ രമയെയും മാതാവിനെയും വി.എസ് ആശ്വസിപ്പിച്ചു. പിന്നീട് അടച്ചിട്ട മുറിയില്‍ രമയുമായി വി.എസ് കൂടിക്കാഴ്ച നടത്തി. ആര്‍.എം.പിയുടെ ഒഞ്ചിയം ഏരിയ സെക്രട്ടറി എന്‍. വേണു, ടി.പിയുടെ ഭാര്യാപിതാവ് കെ.കെ മാധവന്‍, ടി.പിയുടെ മകന്‍ അഭിനന്ദ് എന്നിവര്‍ മാത്രമാണ് ഈ സമയം രമയെ കൂടാതെ മുറിയിലുണ്ടായിരുന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ വി.എസ് ടി.പി ചന്ദ്രശേഖരനെ സംസ്‌കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി.സന്ദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് ഒന്നും സംസാരിക്കാന്‍ വി.എസ് തയ്യാറായില്ല.

വയനാട്ടില്‍ ഒരുപരിപാടിയില്‍ പങ്കെടുക്കാനാണ് വി.എസ് കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയത്. വയനാട്ടിലെ പരിപാടിക്കുശേഷം വി.എസ് ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ഏറെ വൈകിയാണ് അദ്ദേഹം വയനാട്ടില്‍ നിന്നും കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തിയത്.

മേഖലാ റിപ്പോര്‍ട്ടിംഗിനായെത്തിയ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും ഇതേ ഗസ്റ്റ് ഹൗസിലുണ്ടായിരുന്നു. വി.എസിന്റെ തൊട്ടടുത്ത മുറിയിലായിരുന്നു പിണറായി. പിണറായി ഇന്ന് രാവിലെ വി.എസിന്റെ മുറിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏതാനും മിനിറ്റുകള്‍ മാത്രമായിരുന്നു കൂടിക്കാഴ്ച. അതിനുശേഷം എസ്. രാമചന്ദ്രന്‍പിള്ളയും വി.എസ് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. 15 മിനിറ്റോളം ചര്‍ച്ച നീണ്ടിരുന്നു.

കഴിഞ്ഞദിവസം വി.എസ് പാര്‍ട്ടി ഔദ്യോഗിക നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവനയെ എതിര്‍ത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇരുനേതാക്കളുമായി സംസാരിച്ചശേഷമേ ഇതുസംബന്ധിച്ച കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നാണ് വി.എസിനെ കാണുന്നതിന് തൊട്ടുമുന്‍പ് എസ്.ആര്‍.പി പറഞ്ഞത്. അതുകൊണ്ടുതന്നെ ഈ വിഷയം ചര്‍ച്ച ചെയ്തതായാണ് സൂചന. ഇതിനുശേഷമാണ് വി.എസ് ഒഞ്ചിയത്തേക്ക് തിരിച്ചത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്ത് സി.പി.ഐ.എമ്മിന്റെ അനൗദ്യോഗിക വിലക്ക് മറികടന്ന് അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വി.എസ് കോഴിക്കോട്ടെത്തി അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിച്ചത് വാര്‍ത്തയായിരുന്നു. ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വി.എസ് ചന്ദ്രശേഖരനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ സി.പി.ഐ.എം നേതൃത്വത്തിന് ശക്തമായ വെല്ലുവിളിയായിരുന്നു തുടര്‍ന്നുള്ള വി.എസിന്റെ പ്രതികരണങ്ങളും പ്രസ്താവനകളും.

Advertisement