Categories

തെറ്റുതിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം, ഇതു മുന്നറിയിപ്പ്: വി.എസ്‌

vs-achuthanandanതിരുവനന്തപുരം: ഐസ്‌ക്രീം-ലോട്ടറി കേസുകള്‍ സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ലോട്ടറി കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോട്ടറിവിഷയത്തിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷനില്‍ ഇക്കാര്യമില്ല.
ലോട്ടറിക്കേസില്‍ സി.ബി.ഐ അന്വേഷിക്കേണ്ടത് ലോട്ടറിയിലൂടെ പുറത്തേക്ക് ഒഴുകിയ കള്ളപ്പണത്തെക്കുറിച്ചാണെന്നും ഇതിനായി വിജ്ഞാപനത്തിന്റെ ആവശ്യമില്ലെന്നും വി.എസ് വ്യക്തമാക്കി.

ലോട്ടറിസംബന്ധിച്ച് സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കിയതില്‍ കള്ളപ്പണത്തെക്കുറിച്ചുള്ള അന്വേഷണം പരാമര്‍ശിക്കാതിരുന്നത് യാദൃശ്ചികമല്ല.
മാത്രമല്ല ഹൈക്കോടതി പരിഗണിച്ച എല്ലാ വിഷയങ്ങളിലും സി.ബി.ഐ അന്വേഷണം വേണം. ഇങ്ങനെയായാല്‍ ചിദംബരവും സിംഗ്‌വിയുമായിരിക്കും കുടുങ്ങുക.

ഐസ്‌ക്രീം കേസും യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടൂര്‍ പ്രകാശിനും മുനീറിനുമെതിരായി അന്വേഷണം നടത്തുന്ന ഉദ്യേഗസ്ഥരെ സ്ഥലം മാറ്റിയത് ഇതിനു തെളിവാണ്.

പ്ലാച്ചിമട ട്രൈബ്യൂണല്‍ അട്ടിമറിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

സുപ്രീംകോടതിവിധി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌ . സ്വാശ്രയമാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്‌ അമിതമായ ഫീസിനുവേണ്ടിയുള്ള സ്വാശ്രയമാനേജ്‌മെന്റുകളുടെ ദാഹമാണ് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സാധാരണക്കാരന്റെ മക്കളോട് അമിതമായി ഫീസ് വാങ്ങിക്കാനുള്ള മാനേജ്‌മെന്റുകളുടെ ശ്രമത്തെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. വന്‍കിടക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ മതിയെന്ന ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

തനിക്കും തന്റെ മകനുമെതിരായ ആരോപണങ്ങള്‍ നേരിടുന്നതിന് പാര്‍ട്ടിയുടെ പിന്തുണ ആവശ്യമില്ലെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഴപ്പക്കാരെ സംരക്ഷിക്കാനാണ് പിസി ഐപ്പിനെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാക്കി നിയമിച്ചത്.

യുഡി എഫ് സര്‍ക്കാരിന്റെ നിഷേധാത്മക നയങ്ങളെ ചോദ്യം ചെയ്യുകയാണ് താനെന്നും എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടുവരുമെന്ന് അദ്ദേഹം താക്കീതുനല്‍കി. തങ്ങളുടെ തന്ത്രങ്ങള്‍ മറച്ചുവെയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന തന്ത്രമാണ് തനിക്കെതിരായുള്ള ആരോപണങ്ങള്‍. ഉരുളയ്ക്കുപ്പേരിപോലെയാണ് തന്റെ പ്രതികരണമെന്ന് അവരാരോപിക്കുന്നതും ഇതുകൊണ്ടാണെന്ന്  വി.എസ് വ്യക്തമാക്കി

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.