vs-achuthanandanതിരുവനന്തപുരം: പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിനെയും പബ്ലിക് പ്രോസിക്യൂട്ടറെയും വിളിച്ചുവരുത്തി നിയമോപദേശം തേടിയതിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ഈ കേസ് മുഖ്യമന്ത്രി എന്ന നിലയിലുള്ളതല്ല. അതുകൊണ്ടുതന്നെ അഡ്വക്കറ്റ് ജനറല്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരെ വിളിച്ചുവരുത്തുകയും ഉപദേശം തേടുകയും ചെയ്ത മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗമാണ് ചെയ്തത്. അതുപോലെത്തന്നെ തരുണ്‍ദാസിനെ ആസൂത്രണ ബോര്‍ഡ് അംഗമായി നിയമിച്ചുകൊണ്ടുള്ള വാര്‍ത്ത പത്രങ്ങളില്‍ കണ്ടു. കൊക്കക്കോള ഉപദേശകനാണ് തരുണ്‍ദാസ്. ജലമൂറ്റുന്ന കമ്പനികളുമയുള്ള സര്‍്ക്കാരിന്റെ ചങ്ങാത്തത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്. അധികാരത്തില്‍വന്ന് ഒരു മാസത്തിനുള്ളില്‍ എറണാകുളം ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ശുദ്ധജലവിതരണത്തിനായി കൊക്കക്കോള കമ്പനിയ്ക്ക് അനുമതി നല്‍കിയത് കേന്ദ്രമന്ത്രി കെ.വി തോമസ് ഉദ്ഘാടനം ചെയ്തിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ സമര്‍പ്പിച്ച പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന് ഇപ്പോഴും അനുമതി നല്‍കാതെ തടഞ്ഞുവെച്ചിരിക്കുന്നു. ഇത്തരം കമ്പനികളുമായുള്ള സര്‍ക്കാരിന്റെ ചങ്ങാത്തം ജനങ്ങള്‍ക്ക് ഗുണകരമല്ല.

നിയമസഭയിലെ വോട്ടെടുപ്പിന്റെ വീഡിയോ സംശയമുളവാക്കുന്നതാണ്. അതിന്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്നത് എല്ലാവര്‍ക്കും സംശയമുള്ള കാര്യമാണ്. ഭരണകക്ഷിയെ രക്ഷിക്കാന്‍ തന്ത്രപൂര്‍വം വോട്ടെടുപ്പിന്റെ സമയം നീട്ടിക്കൊടുത്തതാണെന്ന് മാധ്യമങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. 1.30 ന് നടത്തേണ്ട ധനവിനിയോഗ ബില്‍ വോട്ടെടുപ്പ് 2.20 നാണ് നടക്കുന്നത്. ഞങ്ങള്‍ സ്പീക്കര്‍ക്കെതിരായി ഉന്നയിച്ച ആരോപണം പൂര്‍ണ്ണമായും ശരിയാണെന്ന് ഈ വീഡിയോദൃശ്യത്തില്‍നിന്നും ബോധ്യപ്പെടും. ആരാണ് മാപ്പു പറയേണ്ടതെന്നും അധികാരത്തില്‍ ആരു തുടരണമെന്നും തീരുമാനിക്കാന്‍ ഈ വീഡിയോദൃശ്യം മതി.

പാമൊലിന്‍ കേസില്‍ പേര് ഉള്‍പ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നു തന്നെയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തന്റെ പേര് പാമൊലിന്‍ കേസില്‍ വന്നാല്‍ അധികാരത്തില്‍  തുടരില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമ്മാന്റിനെ ധരിപ്പിച്ചിരുന്നു. ആ വാക്ക് പാലിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. കോടിയേരിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ് മുഖ്യമന്ത്രിയ്ക്ക് തടിതപ്പാന്‍ ഈ പ്രസ്താവന കാരണമായി. നിയമസഭയില്‍ സ്പീക്കര്‍ അംഗീകരിച്ച പ്രതിപക്ഷ നേതാവ് ഞാനാണ്. എന്റെ അനുമതിയില്ലാതെയാണ് കോടിയേരി അങ്ങനെയൊരു പ്രസ്താവന നടത്തിയത്. അടുത്തദിവസംതന്നെ തന്റെ പ്രസ്താവനയെ കോടിയേരി തിരുത്തുകയും ചെയ്തു.

ബെര്‍ലിനെ സന്ദര്‍ശിച്ചതിനെതിരെ കണ്ണൂര്‍ കമ്മിറ്റി എനിക്കെതിരെ പരാതി നല്‍കിയെന്നുള്ളത് വാസ്തവമാണ്. അദ്ദേഹം സുഖമില്ലാത്ത അവസ്ഥയിലാണെന്നറിഞ്ഞാണ് ഞാന്‍ സന്ദര്‍ശിച്ചത്.  പാര്‍ട്ടി സെക്രട്ടറി മുതലാളിത്തത്തിന്റെ ദത്തുപുത്രനാണെന്ന ബെര്‍ലിന്റെ പ്രസ്താവനയോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഗുണകരമല്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. സന്ദര്‍ശനത്തിനുശേഷം ബെര്‍ലിന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ബെര്‍ലിന്‍തന്നെ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.