എഡിറ്റര്‍
എഡിറ്റര്‍
എമ്പോക്കികളുടെ പരാമര്‍ശത്തിന് മറുപടിയില്ല: മണിക്ക് മറുപടിയുമായി വി.എസ്
എഡിറ്റര്‍
Thursday 31st May 2012 10:13pm

കോഴിക്കോട്: എം.എം മണിക്ക് വി.എസ് അച്യുതാനന്ദന്റെ മറുപടി. എമ്പോക്കികളുടെ പരാമര്‍ശത്തിന് മറുപടിയില്ല. ഇത്തരം എമ്പോക്കികളുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്നും വി.എസ് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍.എം.പി സെക്രട്ടറി ടി.പി ചന്ദ്രശേഖരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വി.എസ് പോയതിനെ പരിഹസിച്ചുകൊണ്ട് കൊല്ലപ്പെട്ടത് വി.എസ്സിന്റെ അമ്മായിയപ്പനോ എന്ന മണിയുടെ വിവാദ പ്രസംഗത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നാണ് വി.എസ് തന്റെ രണ്ട് വാക്കിലൂടെ പ്രസ്താവിച്ചത്.

വി.എസ് അച്യുതാനന്ദനെയും സി.പി.ഐയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മെയ് 25 ന് ചിന്നക്കനാലിലായിരുന്നു മണിയുടെ വിവാദപ്രസംഗം. ടി.പി ചന്ദ്രശേഖരന്‍ വധം വിവാദമാക്കുന്നതില്‍ വി.എസ് കാരണവര്‍ വലിയ പങ്കുവഹിച്ചെന്നാണ് മണിയുടെ പ്രസ്താവന. കുടിവെള്ളത്തില്‍ മോശപ്പണി കാണിക്കുന്നവനാണ് വി.എസ് എന്നും പ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമന്‍ എന്നു ചോദിച്ചുകൊണ്ട് ടി.പി ചന്ദ്രശേഖരനെയും മണി വിമര്‍ശിക്കുന്നുണ്ട്

സി.പി.ഐ.എമ്മുകാര്‍ അടിക്കാന്‍ തുടങ്ങിയാല്‍ സി.പി.ഐക്കാര്‍ ഇവിടെയുണ്ടാകില്ലെന്നും എല്‍.ഡി.എഫിനെ വിചാരിച്ചിട്ടാണ് അടിക്കാത്തതെന്നുമാണ് മണി പറയുന്നത്. ചുവന്ന കൊടി പിടിക്കുന്നവരാണെന്നൊന്നും നോക്കില്ലെന്നും തല്ലേണ്ടവരെ തല്ലിയിരിക്കുമെന്നും സി.പി.ഐക്കെതിരെ മണി പറയുന്നുണ്ട്.

ചില വാര്‍ത്താ മാധ്യമങ്ങളാണ് മണിയുടെ വിവാദപ്രസംഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

Advertisement