v-muraleedharanകാഴിക്കോട്: വി മുരളീധരനെ ബി ജെ പി സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചു. നാമ നിര്‍ദേശപത്രിക നല്‍കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച മുരളീധരന്റെ പത്രിക മാത്രമാണ് വരണാധികാരി സയ്യിദ് ഷാനവാസ് ഹുസൈനു ലഭിച്ചത്. ഇന്നലെ കോഴിക്കോട് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മുരളീധരനെ പ്രസിഡണ്ടായി തിരഞ്ഞെടുത്ത വിവരം വരണാധികാരി പ്രഖ്യാപിച്ചു.

നേരത്തെ മുതിര്‍ന്ന ബി ജെ പി നേതാവ് പി പി മുകുന്ദന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിതക നല്‍കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്ന് മുകുന്ദന്‍ ഇന്നലെ പ്രഖ്യാപിച്ചതോടെ മുരളീധരന് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനുള്ള അവസരമൊരുങ്ങുകയായിരുന്നു. ആര്‍ എസ് എസ്സിന്റെ ശക്തമായ പിന്തുണയുള്ള മുരളീധരന്‍ പ്രസിഡണ്ടാകുമെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തോളമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തുള്ളയാളാണ് മുരളീധരന്‍.

Subscribe Us:

തലശ്ശേരി സ്വദേശിയായ മുരളീധരന്‍ ബ്രണ്ണന്‍ കോളജില്‍നിന്നു ബിരുദമെടുത്ത ശേഷം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. എ ബി വി പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, നെഹ്‌റു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറല്‍, വൈസ് ചെയര്‍മാന്‍, ബി ജെ പി പരിശീലന വിഭാഗം ജോയിന്റ് കണ്‍വീനര്‍, സന്നദ്ധ സംഘടനകളുടെ അഖിലേന്ത്യാ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2000ത്തില്‍ റിപ്പബ്ലിക് സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ നടത്തിപ്പിനായി പ്രധാനമന്ത്രി ചെയര്‍മാനായ സമിതിയുടെ ചീഫ് കോഓര്‍ഡിനേറ്ററായിരുന്നു.

സംസ്ഥാനത്തുനിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗങ്ങളായി ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, കെ.വി. ശ്രീധരന്‍മാസ്റ്റര്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, പി.സി. മോഹനന്‍, മടിക്കൈ കമ്മാരന്‍, സി. വാസുദേവന്‍മാസ്റ്റര്‍, പി.പി. കരുണാകരന്‍, വി. രാമന്‍കുട്ടി, ഉദയഭാസ്‌കര്‍,അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, ഇ. രഘുനന്ദനന്‍, അഡ്വ. പി.ആര്‍. ബാലകൃഷ്ണന്‍, അഡ്വ. കെ.ആര്‍. രാജഗോപാല്‍, കെ.എസ്. ശ്രീധരന്‍നായര്‍, ഡോ.പി.പി. വാവ, രാധമ്മ തങ്കച്ചി, എം.എസ്. കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.