തൃശൂര്‍ : വി.ഡി.സതീശനെ മന്ത്രിയാക്കാതെ തഴഞ്ഞതിലുള്ള കാരണം എന്താണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍. മന്ത്രിമാരുടെ ലിസ്റ്റില്‍ അവസാന നിമിഷം വരെ വി.ഡി.സതീശന്റെ പേരുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ ലോട്ടറി മാഫിയക്കെതിരെ പ്രതികരിച്ച സതീശന്‍ മാത്രം പുറത്തുപോയതിലുള്ള കാരണം എന്താണെന്ന് വ്യക്തമാകുന്നില്ല.
തൃശൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സങ്കുചിതമായ കാഴ്ചപ്പാടോടെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിമാരെ നിശ്ചയിച്ചത്. വിശാലമായ ജനതാല്‍പര്യം കോണ്‍ഗ്രസ്സ് കണക്കിലെടുത്തില്ല. ദുര്‍ബലവിഭാഗക്കാര്‍ പിന്തള്ളപ്പെട്ടപ്പോള്‍ ചില സമുദായങ്ങള്‍ അര്‍ഹിച്ചതിലും കൂടുതല്‍ കരസ്ഥമാക്കിയതായും വി.മുരളീധരന്‍ ആരോപിച്ചു.
വകുപ്പു വിഭജനവും മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്നത്.

നേമത്ത് ഒ.രാജഗോപാലിനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് വോട്ട് നല്‍കിയതായുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവന കേരളത്തിലെ ജനത മനസ്സിലാക്കിക്കഴിഞ്ഞു. നേമത്ത് നല്‍കിയ വോട്ടിന് എല്‍ഡിഎഫില്‍ നിന്നും എന്ത് പ്രത്യുപകാരമാണ് കോണ്‍ഗ്രസ്സിന് ലഭിച്ചതെന്ന് കെ.പി.സി.സി. പ്രസിഡണ്ട് വ്യക്തമാക്കണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു