എഡിറ്റര്‍
എഡിറ്റര്‍
നോട്ടുനിരോധന സമരത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ശിവസേനയ്ക്ക് എത്ര വാടക നല്‍കി? പിണറായി വിജയനോട് വി. മുരളീധരന്‍
എഡിറ്റര്‍
Friday 10th March 2017 1:48pm

കോഴിക്കോട്: നോട്ടുനിരോധന സമരത്തിനെതിരായ എല്‍.ഡി.എഫ് സമരത്തില്‍ പങ്കെടുക്കാന്‍ ശിവസേനയ്ക്ക് എത്ര വാടക നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍. ആര്‍ക്കുവേണമെങ്കിലും നാവും വോട്ടും വാടകക്ക് കൊടുക്കുന്ന വാടകസേനയാണ് ശിവസേനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

നോട്ട് നിരോധനത്തിനെതിരെ നടന്ന എല്‍.ഡി.എഫ് സമരത്തില്‍ പിണറായി വിജയന്റെ ചിത്രവും എടുത്ത് ശിവസേന പ്രകടനം നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയാണ് വി.മുരളീധരന്റെ പരാമര്‍ശം.

ശിവസേന സമരത്തിന്റെ ഭാഗമായത് ദേശാഭിമാനിയൊക്കെ വളരെ പ്രാധ്യാനത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പ്രതിപക്ഷം ശിവസേനയെ വാടകയ്ക്ക് എടുത്തതായി ആരോപിക്കുമ്പോള്‍ നോട്ടുനിരോധന സമരത്തില്‍ പങ്കെടുക്കാന്‍ ശിവസേനയ്ക്ക് എത്ര വാടക നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നാണ് മുരളീധരന്‍ പറയുന്നത്.


Must Read: അങ്കമാലി ഡയറീസ് ‘കട്ട ക്രിസ്ത്യന്‍ പടമെന്ന്’ ജനം ടിവി: ഹിന്ദുവേര്‍ഷന് സ്‌കോപ്പുണ്ടെന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം


ബി.ജെ.പിയെ താറടിച്ചു കാണിക്കാന്‍ വേണ്ടി ശിവസേനക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത മാധ്യമ സഖാക്കളൊക്കെ മറൈന്‍ ഡ്രൈവില്‍ പെട്ടിരിക്കുകയാണെന്നും മുരളീധരന്‍ പറയുന്നു. ഇടതും വലതും ചേര്‍ത്ത് മൂടിവെക്കാനാഗ്രഹിക്കുന്ന വിഷയങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുന്നത് തടയാനേ ശിവസേനയുടെ തെമ്മാടിത്തവും കിസ് ഓഫ് ലൗ സമരാഭാസവും ഉപകരിച്ചിട്ടുള്ളൂ എന്നും അദ്ദേഹം പറയുന്നു.

‘ശിവാജി മഹാരാജിനോട് ഞങ്ങള്‍ക്ക് ആരാധനയുണ്ട്. ബാലാസാഹേബിനോട് ഞങ്ങള്‍ക്കാദരവുണ്ട്. ശിവസേനയോട് ദേശീയ തലത്തില്‍ സഖ്യകക്ഷി ബന്ധവും ഉണ്ട്. എന്നാല്‍ കേരളത്തില്‍ ശിവസേന എന്ന പേരില്‍ ഉള്ള ചെറിയ ആള്‍ക്കൂട്ടം ശിവാജി മഹാരാജിനെയോ ബാലാസാഹേബിനേയോ പ്രതിനിധീകരിക്കുന്നവരാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.’ എന്നു പറഞ്ഞുകൊണ്ടാണ് മുരളീധരന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

എല്ലാ തിരഞ്ഞെടുപ്പ് സമയത്തും പരസ്യമായി എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ നടക്കുന്ന വാടകസേനയാണ് കേരളത്തിലെ ശിവസേനയെന്നും അദ്ദേഹം പറഞ്ഞു.

Advertisement