തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി വി. മുരളീധരന്‍ രണ്ടാം തവണയും തുടരും.

Ads By Google

കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുളള ബിജെപി ദേശീയ സെക്രട്ടറി പി.മുരളീധര്‍ റാവു നിലവിലുള്ള പ്രസിഡന്റ് തുടരട്ടെയെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു.

സംസ്ഥാന നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരാന്‍ മുരളീധരന് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയത്. തീരുമാനത്തിന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് അംഗീകാരം നല്‍കി.

സംസ്ഥാന ഘടകത്തിലെ വിഭാഗീയത ശക്തമായതോടെയാണ് ഒരു വിഭാഗം മുരളീധരനെതിരെ രംഗത്തെത്തിയത്. എന്നാല്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

നേരത്തെ പാലക്കാട്ട് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തില്‍ മുരളീധരന്‍ തുടരാന്‍ ധാരണയായിരുന്നു.

എന്നാല്‍ നിതിന്‍ ഗഡ്കരിക്ക് പകരം രാജ്‌നാഥ് സിംഗ് ദേശീയ പ്രസിഡന്റായതോടെ വീണ്ടും തര്‍ക്കമായി. കേരളത്തിലെ പ്രസിഡന്റിനെ മാറ്റണമെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ രാജ്‌നാഥ് സിംഗിനെക്കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

മുരളീധരനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും പ്രസിഡന്റ് പദവി സംബന്ധിച്ച് ദേശീയ നേതൃത്വത്തിനു ആശയക്കുഴപ്പമില്ലായിരുന്നു.