എഡിറ്റര്‍
എഡിറ്റര്‍
കുര്യനെതിരെ അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിടണം: വി. മുരളീധരന്‍
എഡിറ്റര്‍
Tuesday 5th February 2013 12:01pm

തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ പുറത്തുവന്നിരിക്കുന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രാജ്യസഭാധ്യക്ഷന്‍ പി.ജെ കുര്യനെതിരേ സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍.

Ads By Google

പി.ജെ കുര്യനെ ന്യായീകരിക്കാതെ വെളിപ്പെടുത്തലുകളുടേയും വസ്തുതകളുടേയും അടിസ്ഥാനത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിന് ഉത്തരവിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുര്യനെതിരെ അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെ പറഞ്ഞ് അദ്ദേഹത്തിന് ഒഴിയാന്‍ പറ്റില്ല. സൂര്യനെല്ലി കേസില്‍ വിധി പറഞ്ഞിരിക്കുന്നത് സുപ്രീം കോടതിയാണ്.

ആരോപണവിധേയനായ വ്യക്തിയുടെ നിരപരാധിത്വം തെളിയിക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ബാധ്യതാണ്. വിഷയത്തില്‍ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ കുര്യനെ രക്ഷിക്കാന്‍ സിബി മാത്യൂസ് പ്രവര്‍ത്തിച്ചുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നതെന്നും ആരുടെ നിര്‍ദേശപ്രകാരമാണ് സിബി മാത്യൂസ് ഇത് ചെയ്തതെന്ന് കണ്ടെത്തണമെന്നും മുരളീധരന്‍ പറഞ്ഞു.

സൂര്യനെല്ലി കേസിലെ പ്രതികളെ വിട്ടയച്ച ഹൈക്കോടതി ഉത്തരവിനെതിരേയുള്ള സുപ്രീംകോടതി വിധിയെ കുറിച്ച് ഇന്നലെ നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു.

എന്നാല്‍ സുപ്രീംകോടതി വരെ തള്ളിയ കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. കേസ് പുനരന്വേഷിക്കാന്‍ വകുപ്പില്ലെന്നും ഭരണഘടനവിവക്ഷിക്കുന്ന തരത്തില്‍ മാത്രമേ കേസ് പുനഃപരിശോധിക്കാന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.

Advertisement