തിരുവനന്തപുരം: ക്ഷേത്ര വിശ്വാസത്തെ അന്ധവിശ്വാസമായി കാണുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ ക്ഷേത്ര സ്വത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയുകയോ ഇടപെടുകയോ ചെയ്യേണ്ടതില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു. ശ്രീപദ്മനാഭസ്വാമിക്ഷേത്ര സ്വത്ത് എങ്ങനെ വിനിയോഗിക്കണമെന്ന് അഭിപ്രായം പറയാനുള്ള അവകാശം സി.പി.എമ്മിന് ഇല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ക്ഷേത്രവിശ്വാസത്തെ അന്ധവിശ്വാസമായാണ് സി.പി.ഐ.എം കാണുന്നത്. വിശ്വാസത്തെയും ക്ഷേത്രങ്ങളെയും തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. വിശ്വാസികള്‍ ക്ഷേത്രത്തില്‍ അര്‍പ്പിച്ചിട്ടുള്ള കാണിക്ക എങ്ങനെ വിനിയോഗിക്കണമെന്നത് പൊതുസമൂഹത്തിന്റെ തീരുമാനത്തിനു വിധേയമാണെന്ന സി.പി.ഐ.എം നിലപാട് അംഗീകരിക്കാനാകില്ല. കോടതിക്കു പോലും ഇക്കാര്യത്തില്‍ പരിമിതമായി മാത്രമേ ഇടപെടാനും അഭിപ്രായം പറയാനും കഴിയൂ. മതവിശ്വാസത്തിലും ദൈവ വിശ്വാസത്തിലും ഇടപെടാന്‍ കോടതികള്‍ക്കു കഴിയില്ല. വിശ്വാസികള്‍ ക്ഷേത്രത്തിനു നല്‍കിയ പണം ക്ഷേത്രത്തിന്റേതുമാത്രമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയില്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഭരണ സംവിധാനം വേണമെന്ന പിണറായി വിജയന്റെ അഭിപ്രായം ദുരുദ്ദേശ്യപരമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്കയര്‍പ്പിക്കുന്ന പണം പൊതു ആവശ്യങ്ങള്‍ക്ക് എടുത്തുപയോഗിച്ച നിരവധി അനുഭവങ്ങളുണ്ട്. അതുപോലെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്തും സര്‍ക്കാരിനും രാഷ്ട്രീയക്കാര്‍ക്കും ഇഷ്ടംപോലെ ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാനുദ്ദേശിച്ചാണ് അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുള്ളത്. അത് ഒരിക്കലും അനുവദിക്കില്ലെന്നും ബി.ജെ.പി പ്രസിഡന്റ് പറഞ്ഞു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രസ്വത്ത് ഏതു തരത്തില്‍ സംരക്ഷിക്കണമെന്ന് തീരുമാനിക്കേണ്ടത് ക്ഷേത്ര വിശ്വാസികളാണ്. വിശ്വാസികളും ക്ഷേത്രാചാരങ്ങളില്‍ പാണ്ഡിത്യമുള്ളവരും വിശ്വാസികളുടെ സംഘടനാ പ്രതിനിധികളും ചേര്‍ന്നു വേണം അന്തിമ തീരുമാനം കൈക്കൊള്ളുവാന്‍. പദ്മനാഭസ്വാമിയുടെ സമ്പത്ത് കണ്ട് സി.പി.ഐ.എം പനിക്കേണ്ടതില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.