തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യാഗ്രഹ സമരമിരിക്കുകയാണ്. എന്നാല്‍ സഭയിലെ ഏക ബി.ജെ.പി അംഗമായ ഒ.രാജഗോപാല്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. സമരത്തില്‍ പങ്കെടുക്കാത്ത രാജഗോപാലിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് മുരളീധരന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒ.രാജഗോപാലിന് നിരാഹാരം കിടക്കാനുളള ആരോഗ്യസ്ഥിതിയില്ലെന്നാണ് ബി.ജെ.പി ദേശീയസമിതി അംഗം വി.മുരളീധരന്റെ പരാമര്‍ശം.

മന്ത്രി കെ.കെ ശൈലജ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹം ഓരോരുത്തരുടെ ആരോഗ്യസ്ഥിതി അനുസരിച്ചാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

87 വയസുളള ഒ. രാജഗോപാലിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു മുരളീധരന്റെ പരാമര്‍ശം. ബി.ജെ.പിയ്ക്ക് ഒരു എം.എല്‍.എ മാത്രമാണുളളത്. നിരാഹാരം കിടക്കാനുളള ആരോഗ്യസ്ഥിതി ബി.ജെ.പി എം.എല്‍.എയ്ക്ക് ഇല്ല. അതുകൊണ്ടാണ് അദ്ദേഹം സത്യഗ്രഹത്തില്‍ പങ്കെടുക്കാതിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, ബാലാവാകാശകമ്മീഷന്‍ അംഗ നിയമനത്തില്‍ ഹൈക്കോടതി വിമര്‍ശനം നേരിടേണ്ടി വന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. മെഡിക്കല്‍ ബില്‍ കീറിയെറിഞ്ഞ പ്രതിപക്ഷം സഭയില്‍ സത്യാഗ്രഹമാരംഭിച്ചു.


Also Read:  മക്കളുടെ തട്ടമിട്ട കൂട്ടുകാരികളെ സൂക്ഷിക്കണം; മതവിദ്വേഷ പ്രചരണവുമായി സംഘപരിവാറിന്റെ സൈബര്‍ഗ്രൂപ്പുകള്‍


ശൈലജ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് അഞ്ച് എം എല്‍ എമാര്‍ നിയമാസഭാകവാടത്തില്‍ സത്യാഗ്രഹമാരംഭിച്ചത്. മന്ത്രി മെഡിക്കല്‍ ബില്ലവതരിപ്പിക്കാന്‍ മുതിര്‍ന്നതോടെ പ്രതിപക്ഷ എം എല്‍ എമാര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.എം എല്‍ എമാരായ എന്‍ ഷംസുദീന്‍, വി പി സജീന്ദ്രന്‍ എല്‍ദോസ് കുന്നപ്പള്ളി, റോജി എം ജോണ്‍, ടിവി ഇബ്രാഹീം എന്നിവരാണ് സത്യാഗ്രഹമാരംഭിച്ചത്.

മെഡിക്കല്‍ ബില്ലവതരിപ്പിക്കുന്നതില്‍ ബില്ലിന്റെ പകര്‍പ്പ് കീറി വലിച്ചെറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇ പി ജയരാജനും ശൈലജയ്ക്കും വ്യത്യസ്തനീതിയാണോയെന്ന ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. നേരത്തെ രാവിലെ സഭ കൂടിയ സമയത്ത് മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു തുടര്‍ന്ന് സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

മന്ത്രിയെ പിന്തുണച്ച് നേരത്തെ മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയില്ലെന്നും മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിറക്കിയതെന്നും നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നും പ്രാതിനിധ്യമില്ല അതിനാല്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനായിരുന്നു ഈ നടപടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.