തിരുവനന്തപുരം : പാര്‍ട്ടി നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി വി.എം. സുധീരന്‍. എം.എല്‍.എ. കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതൃത്വം ചര്‍ച്ച ചെയ്യാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

Subscribe Us:

തന്നെപ്പോലുള്ളവരോട്  സംസാരിക്കേണ്ടതില്ലെങ്കില്‍ അത് തുറന്നു പറയണമെന്നും സുധീരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എതിര്‍പ്പുകള്‍ എന്നും തുറന്ന് പറഞ്ഞിരുന്നെന്നും ചിലതിനെല്ലാം സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിരുന്നെന്നും പറഞ്ഞ സുധീരന്‍ ഈ അഭിപ്രായമൊന്നും വ്യക്തിപരമായിരുന്നില്ലെന്നും വ്യക്തമാക്കി.

സര്‍ക്കാറിന് സ്തുതി ഗീതങ്ങള്‍ പാടുകയും മംഗളപത്രം നേരുകയും ചെയ്യുന്നതല്ല പൊതുപ്രവര്‍ത്തനം. തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാട്ടുന്നതാണ് യഥാര്‍ത്ഥ പൊതുപ്രവര്‍ത്തനമെന്നാണ് താന്‍ വിശ്വസിക്കുന്നത്. കെ.എസ്.യു പ്രസിഡന്റായിരുന്ന കാലം മുതലുള്ള നിലപാടാണിത്. ഇനിയും ഇങ്ങനെതന്നെ തുടരും.

ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവര്‍ കബളിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. ജനങ്ങള്‍ അറിയട്ടേയെന്ന് കരുതിയാണ് ഇതൊക്കെ പറയുന്നതെന്നും അല്ലെങ്കില്‍ എല്ലാവരും അറിഞ്ഞുകൊണ്ടാണ് ഇതൊക്കെ തീരുമാനിച്ചതെന്ന് ജനങ്ങള്‍ വിശ്വസിക്കുമെന്നും സുധീരന്‍ പറഞ്ഞു.

പുന:സംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പങ്കുവെക്കല്‍ മാത്രമായാല്‍ അത് പാഴ്‌വേലയാകും. കോണ്‍ഗ്രസ്സിന് അത് ദോഷം ചെയ്യുകയും ചെയ്യും. കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് താന്‍ വീക്ഷിക്കുകയാണെന്നും അതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍ കരയില്‍ എല്‍.ഡി.എഫിനോടുള്ള ജനങ്ങളുടെ അമര്‍ശമാണ് കോണ്‍ഗ്രസ്സിന് തുണയായത്. സി.പി.ഐ.എം ഒറ്റപ്പെടുന്നത് മാത്രം ഉപയോഗിച്ച് മുന്നോട്ട് പോകാനാകില്ലെന്നും ബി.ജെ.പിക്ക് വോട്ട് കിട്ടിയത് രാജഗോപാല്‍ നല്ല വ്യക്തിയായത് കൊണ്ട് മാത്രമല്ലെന്നും സുധീരന്‍ പറഞ്ഞു. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. പുനസംഘടനാ കാര്യങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോയ സാഹചര്യത്തിലാണ് സുധീരന്റെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.