എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് (നോവല്‍), പതിമൂന്ന്
എഡിറ്റര്‍
Friday 30th November 2012 7:06pm


വി.എച്ച് നിഷാദിന്റെ നോവല്‍, ഭാഗം പതിമൂന്ന്

 

നോവല്‍ / വി എച്ച് നിഷാദ്

വര/ മജ്‌നി തിരുവങ്ങൂര്‍

 

ദൈവത്തോട് നേരിട്ടു പ്രാര്‍ത്ഥിച്ചു എന്ന കുറ്റത്തിന് ഒരു കോണ്‍വെന്റിലെ എട്ടു കന്യാസ്ത്രീകളെ 13 വര്‍ഷത്തെ കഠിന തടവിന് ഭരണകൂടം
അരിയിട്ടു വാഴിച്ച മൂന്നിന്റെ കോടതി വിധിച്ച ഒരു സംഭവവും ഇതിനിടയിലുണ്ടായി.

മൂന്നിന്റെ നേരങ്ങളില്‍ ഏതു പ്രാര്‍ത്ഥനയും ആദ്യം റിട്ടുകളായി സര്‍ക്കാരിനായിരുന്നു സമര്‍പ്പിക്കേണ്ടിയിരുന്നത്. അതിനു മേല്‍ സെന്‍സര്‍ ബോര്‍ഡിന്റെ സീല്‍ പതിഞ്ഞതിനു ശേഷമേ ആര്‍ക്കും ദൈവത്തിനുള്ള പ്രാര്‍ത്ഥനകള്‍ ആലപിക്കാനും പ്രാര്‍ത്ഥനക്കൂട്ടില്‍ അര്‍പ്പിക്കാനുമായിരുന്നുള്ളൂ.

Ads By Google

ആ കണിശതയെയാണ് ഒരു പറ്റം കന്യാസ്ത്രീകള്‍ ഒരു നേരത്തെ സന്ധ്യാപ്രാര്‍ത്ഥനയാല്‍ പൊടിച്ചു കളഞ്ഞത്. അതിനാല്‍ അവരും തടവറയിലായി. മൂന്ന് എല്ലാ മതങ്ങളേയും പിടികൂടിയിരുന്നു.

ഇസ്ലാം മത വിശ്വാസികള്‍ മൂന്നിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് അഞ്ചു നേരത്തെ നമസ്‌കാരം മൂന്നു നേരമാക്കി കുറയ്ക്കണമെന്ന് ഭരണകൂടം നിര്‍ദ്ദേശിച്ചു. അതനുസരിച്ച് അസര്‍, മഗ്‌രിബ് എന്നീ പ്രാര്‍ത്ഥനകള്‍ മൂന്നു കഴിയും വരെ നമസ്‌കരിക്കാന്‍ പാടില്ല.

വിശുദ്ധ ഖുര്‍-ആന്‍ ഓതുന്നെങ്കില്‍ തന്നെ ഒരു ദിവസം ചെറിയ മൂന്നു ആയത്തുകളില്‍ കൂടുതലാകരുതെന്നും അനുബന്ധ നിയമമുണ്ടായിരുന്നു. സുന്നത്തു നമസ്‌കാരങ്ങളും മൂന്നു മാസത്തേക്ക് നിരോധിക്കപ്പെട്ടിരുന്നു.

ക്രിസ്തീയ ദേവാലയങ്ങളില്‍ മൂന്നു ദിവസം കൂടുമ്പോള്‍ ഏവരും കുമ്പസാരിക്കണമെന്ന കടുത്ത നിയമം വന്നു. എന്നാല്‍ ഇതില്‍ ഏറ്റവും നീചമായത് മറ്റൊരു കാര്യമായിരുന്നു-പശ്ചാത്താപങ്ങള്‍ കേള്‍ക്കാനായി കുമ്പസാരക്കൂടുകളില്‍ മത പുരോഹിതന്മാര്‍ക്കു പകരം പട്ടാള മേജര്‍മാരാണ് സ്ഥാനം പിടിച്ചിരുന്നത്!

അറിയാതെയോ, നിവൃത്തികേടു കൊണ്ടോ ചെയ്തു പോയ ഓരോ തരം തെറ്റുകളെക്കുറിച്ചു വിവരിക്കുമ്പോഴും യൗവന പ്രായത്തിലെത്തിയ പെണ്‍കുട്ടികള്‍ തങ്ങളുടെ കണ്ണുകളില്‍ നിന്ന് ഊറി വന്നിരുന്ന ജലാഗ്രത്തെ കൈലേസുകള്‍ കൊണ്ട് തുടച്ചെടുത്തു.

എന്നാല്‍ പട്ടാള മേധാവികള്‍ക്ക അതൊരു ഹരം തന്നെയായിരുന്നു. ഓരോ കഥന കഥ കേള്‍ക്കുമ്പോഴും കൊച്ചു പുസ്തകം വായിക്കുമ്പോഴുണ്ടാകുന്ന അമിത ജിജ്ഞാസ അവരെ കൈ കൊട്ടി വിളിച്ചു.

കണ്ണീര്‍ നനഞ്ഞു കുതിര്‍ന്ന് ഹലാക്കു പോലായ തങ്ങളുടെ മേല്‍ക്കുപ്പായങ്ങളിലേക്ക് നോക്കിക്കൊണ്ട്, ഒരു തുള്ളി വാക്കു പോലും കൂടുതല്‍ ശബ്ദിക്കാനാവാതെ അവര്‍ പൊട്ടിക്കരച്ചിലുകളിലേക്ക് കാടിലറി വീണപ്പോഴെല്ലാം, തങ്ങളുടെ തുടകളില്‍ ഏറെ ആവേശത്തോടെ മര്‍ദ്ദിച്ചു കൊണ്ട്, നാശം…എന്നിട്ടെന്തുണ്ടായി? വേഗം പറഞ്ഞു തുലയ്ക്കൂ…എന്ന് പട്ടാള മേധാവികള്‍ അലറി.

ചിലരെങ്കിലും കുമ്പസാരം കഴിഞ്ഞ് യൗവന യുക്തരായ പെണ്‍കുട്ടികളും വിധവകളും പോകാന്‍ നേരം, ‘നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എനിക്കൊന്നു തന്നിട്ടു പോകു..പ്ലീസ്..’ എന്നു കെഞ്ചുകയോ ആജ്ഞാപിക്കുകയോ ചെയ്തു.

ഹിന്ദു മത വിശ്വാസികള്‍ മൂന്നു നേരം വിളക്കു വെക്കണം എന്നാണ് പുതിയ നിയമം ശാസിച്ചത്. രാവിലെയും സന്ധ്യയ്ക്കും വിളക്കു വെക്കുന്നതിനോടൊപ്പം, നട്ടുച്ചയ്ക്കും കൂടി വീടിനു മുന്നില്‍ ഓരോ ഹിന്ദു മത വിശ്വാസിയും വിളക്കു വെക്കണമെന്ന നിയമം പാലിക്കാത്തവരെ മൂന്നു മാസം കല്‍ക്കരി ക്വാറിയില്‍ പണിയെടുപ്പിച്ച് തടവിലിടുമെന്ന് പ്രസിഡന്റ് തന്റെ നിയമാവലിയില്‍ അറിയിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു അതു പ്രകാരം രണ്ടാമതായി വിളക്കു വെക്കേണ്ടിയിരുന്നത്. ഒരു നിമിഷം അങ്ങോട്ടോ, ഇങ്ങോട്ടോ സമയം തെറ്റിപ്പോയാല്‍ പ്രശ്‌നമാകുമായിരുന്നു. വിളക്കു കത്തിക്കുന്നതിനോടൊപ്പം കവലയിലേക്ക് നോക്കി ‘നട്ടുച്ച പഷ്ണിക്കാരായ പട്ടാളക്കാര്‍ ഉണ്ടോ..ഉണ്ടോ…’ എന്നു വിളിച്ചു പറയുക കൂടി വേണം.

ഈ വിളി കേള്‍ക്കാനായി ഹിന്ദു ഭവനങ്ങള്‍ക്കു മുമ്പില്‍ പട്ടാളക്കാര്‍ ഉച്ച സമയത്ത് റോന്തു ചുറ്റിയിരുന്ന ഒരു കാലം കൂടിയായിരുന്നു അത്.നോവലിന്റെ മുന്‍ അദ്ധ്യായങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Advertisement