vd-satheesanകൊച്ചി: മന്ത്രിസ്ഥാനത്തേക്ക് തന്നെ ആദ്യം പരിഗണിച്ചിരുന്നതായി വി.ഡി. സതീശന്‍ എം.എല്‍.എ. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളുടെയും സമുദായ സംഘടനകളുടെയും ശുപാര്‍ശയില്ലാതെ മന്ത്രിസ്ഥാനത്തേക്ക് ആദ്യം പരിഗണിക്കപ്പെട്ട വ്യക്തിയായിരുന്നു താന്‍. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് തന്നെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ സ്ഥാനം വേണ്ടെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ആ സ്ഥാനം ഏറ്റെടുക്കണമെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വി.ഡി സതീശനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ രംഗത്തെത്തിയിരുന്നു. മികച്ച പാര്‍ലമെന്റേറിയനായിട്ടും വി.ഡി.സതീശനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. ഇതിന്റെ കാരണം വ്യക്തമല്ല. സതീശന്‍ മന്ത്രസഭയില്‍ ഉണ്ടാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ലോട്ടറി മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വി.ഡി സതീശന് മന്ത്രി സ്ഥാനം നല്‍കാതിരുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ലോട്ടറി വിഷയത്തില്‍ തോമസ് ഐസക്കിനെതിരെ ശക്തമായി രംഗത്തെത്തിയതുകൊണ്ട് സതീശന് മന്ത്രി പദവി നല്‍കരുതെന്ന് സി.പി.ഐ.എമ്മിലെ ഒരു വിഭാഗത്തിനും നിര്‍ബന്ധമുണ്ടായിരുന്നു. ലോട്ടറി കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയോട് പ്രതികരിക്കവെ ‘സാന്റിയാഗോ മാര്‍ട്ടിന് എവിടെയും ആളുകളുണ്ടാകാ’മെന്ന് സതീശന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.