മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മുസ്‌ലീം ലീഗിന് പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിച്ചയാള്‍ കോളേജിന്റെ പടി കയറിയിട്ടുണ്ടോ- പിണറായി ചോദിച്ചു. തപാല്‍ മാര്‍ഗം പഠിച്ച് പി.എച്ച്.ഡി. നേടി ഇത്തരമൊരു തസ്തികയിലേക്ക് എത്തുന്നയാളെ വേറെവിടെയും ഉണ്ടാകില്ല. സ്‌കൂളധ്യാപകനായ അദ്ദേഹത്തിന് കോളേജ് എന്ന സമ്പ്രദായം എന്താണെന്ന് അറിയുമോയെന്നും പിണറായി വിജയന്‍ പറഞ്ഞു.

വി.സി. നിയമനം മുസ്‌ലീം ലീഗ് നേതൃത്വം കൈകാര്യം ചെയ്തത് അങ്ങേയറ്റത്തെ ലാഘവത്തോടെയാണ്. മുസ്ലീം ലീഗുകാരന്‍ എന്നതുമാത്രമാണ് അദ്ദേഹത്തിന് വി.സിയാകാനുള്ള യോഗ്യത. വിദ്യാഭ്യാസമന്ത്രിയാണ് ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങള്‍ക്കും സൗകര്യം ചെയ്തുകൊടുക്കുന്നതെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. മലപ്പുറത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി മുസ്‌ലീം ലീഗിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.