കൊച്ചി: എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ ചികിത്സയിലായിരുന്നു. ശനിയാഴ്
ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഞായറാഴ്ച 7 മണിയോടെ മരണപ്പെടുകയായിരുന്നു.

കോട്ടയം കുറിച്ചിത്താനം സ്വദശിയായ ഉഴവൂര്‍ വിജയന്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. നര്‍മ്മം കലര്‍ത്തിയുളള അദ്ദേഹത്തിന്റെ പ്രസംഗശൈലി മറ്റു രാഷ്ട്രീയക്കാരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.


Must Read: സുരഭിയെ സിനിമകളിലേക്ക് ക്ഷണിച്ചത് ഇഷ്ടം കൊണ്ടല്ല; അവര്‍ നല്ല നടിയായതുകൊണ്ടാണ്; രസകരമായ മറുപടിയുമായി പൃഥ്വിരാജ്


കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് എസിലെത്തുകയും അതുവഴി എന്‍.സി.പിയില്‍ എത്തുകയുമായിരുന്നു.

കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, എന്‍.സി.പിയുടെ തൊഴിലാളി വിഭാഗമായ ഐ.എന്‍.എല്‍.സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായ തൊഴിലാളി പ്രസിഡന്റ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം, എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

2001ല്‍ കെ.എം മാണിക്കെതിരെ പാലായില്‍ മത്സരിച്ചതായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം.

കുറിച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയുടേയും മകനാണ് ഉഴവൂര്‍ വിജയന്‍. കെ.ആര്‍ നാരായണന്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍, കുറിച്ചിത്താനും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു.