bangladesh-flood

ന്യൂദല്‍ഹി: കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച ഉത്തരാഖണ്ഡില്‍ അഞ്ഞൂറിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി  മുഖ്യമന്ത്രി വിജയ് ബഹുഗുണ അറിയിച്ചു.

ഹിമാലയത്തിന്റെ ചരിത്രത്തില്‍ ഇത്തരം ദുരന്തം ഇതുവരെയുണ്ടായിട്ടില്ലെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിയിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

പതിനായിരത്തോളം സൈനികരാണ് രക്ഷാപ്രവര്‍ത്തന ത്തിലേര്‍പ്പെട്ടി രിക്കുന്നത്. കരസേനയുടെയും വ്യോമസേനയുടെയും 43 ഹെലികോപ്റ്ററുകളും രംഗത്തുണ്ട്.

വെള്ളിയാഴ്ച 40,000 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയ ഹെലിക്കോപ്റ്ററുകള്‍ മലയിടുക്കുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചു.

രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ 34,000ത്തോളം തീര്‍ഥാടകരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചു. 14,000 പേരെ കാണാനില്ലെന്നാണ് വിവരം. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

ഉത്തരാഖണ്ഡിന് അടിയന്തര ദുരിതാശ്വാസ സഹായമായി കേന്ദ്രസര്‍ക്കാര്‍ 145 കോടി രൂപ അനുവദിച്ചു. കോണ്‍ഗ്രസ് എം.പി.മാരും എം.എല്‍.എ.മാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി നിര്‍ദേശിച്ചു.

ഗതാഗത, വാര്‍ത്താവിനിമയബന്ധങ്ങള്‍ താറുമാറായതും പ്രതികൂലകാലാവസ്ഥയും മൂലം സൈന്യത്തിനെത്തിപ്പെടാനാവാത്ത പ്രദേശങ്ങളില്‍ അരലക്ഷത്തോളംപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആഭ്യന്തര സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രസര്‍ക്കാറിനോട് ശുപാര്‍ശചെയ്തു.

സേനാ ഹെലികോപ്റ്ററുകള്‍ വെള്ളിയാഴ്ച മാത്രം 16,000 പേരെ രക്ഷിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. പിത്തോര്‍ഗഢ്, ജോഷിമഠ്, ധര്‍ച്ചോള, ഗോച്ചര്‍ എന്നിവിടങ്ങളിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

രക്ഷാപ്രവര്‍ത്തനത്തിനായി ലോകത്തെ ഏറ്റവും വലിയ ഹെലികോപ്റ്ററായ എം.ഐ.26ഉം ഉപയോഗിക്കുന്നുണ്ട്. കര, വ്യോമസേനകളും എന്‍.ഡി.ആര്‍.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി., ഉത്തരാഖണ്ഡ് പോലീസ് എന്നിവയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

രക്ഷപ്പെട്ടവരെ നാട്ടിലെത്തിക്കാന്‍ ഹരിദ്വാറില്‍ നിന്ന് ഡല്‍ഹി, അംബാല, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് റെയില്‍വേ മന്ത്രാലയം പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്തി.

കേദാര്‍നാഥിലും ബദരിയിലും ഒട്ടേറെപേര്‍ കാട്ടിലും അകപ്പെട്ടിട്ടുണ്ട്. രുദ്രപ്രയാഗ്, തെഹ്‌രി, ഉത്തരകാശി, പിത്തോറഗഢ് തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും പ്രളയം നാശം വിതച്ചത്.

കേദാര്‍നാഥിലാണ് ഏറ്റവുമധികം നാശം. ഗംഗോത്രിക്കും ഹര്‍സിലിനുമിടയിലുള്ള ആറ് പ്രധാന റോഡുകള്‍ ഒലിച്ചുപോയി. ഗോവിന്ദ്ഘട്ടില്‍ വിഖ്യാതമായ സിഖ് ഗുരുദ്വാരയും സമീപപ്രദേശങ്ങളിലെ എട്ടു ഹോട്ടലുകളും തകര്‍ന്നു.

കേദാര്‍നാഥിനുസമീപം രാംബാഡയില്‍ ചെറിയ ഹെലിപ്പാഡുണ്ടാക്കി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് ഐ.ടി.ബി.പി.യും ദേശീയ ദുരന്ത പ്രതികരണസേനയും അറിയിച്ചു.