ലക്നൗ: വെള്ളപ്പൊക്ക ബാധിത മേഖല സന്ദര്‍ശിക്കാത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കര്‍ഷകരുടെവേറിട്ട പ്രതിഷേധം. കഴുത്തറ്റം വരെ വെള്ളത്തില്‍ നിന്ന് ‘ജല സത്യാഗ്രഹം’ ചെയ്താണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ലഖിപൂര്‍ ഖേരി ജില്ലയിലെ ഹത്വയിലാണ് കര്‍ഷകര്‍ കഴിഞ്ഞ ദിവസം ജലസത്യാഗ്രഹത്തിനിറങ്ങിയത്.

വെള്ളപ്പൊക്കമുണ്ടായ ഗാഗ്ര നദിയിലായിരുന്നു കര്‍ഷകരുടെ പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്. നേരത്തെ, ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നത് വൈകിയതിനും യോഗിയ്‌ക്കെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.


Also Read:  കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ ബി.ജെ.പി നേതാവ് അടക്കം പത്തു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; പിതാവ് ഉള്‍പ്പടെ പത്തു പേര്‍ പിടിയില്‍


മുഖ്യമന്ത്രി യോഗി പ്രദേശത്തേക്ക് എത്താന്‍ തീരുമാനിച്ചിരുന്നതാണെന്നും പക്ഷേ ചില തിരക്കുകള്‍ മൂലം അവസാനനിമിഷം യാത്ര ഉപേക്ഷിക്കേണ്ടി വന്നതാണെന്നുമാണ് അധികൃതരുടെ വിശദീകരണം.അതേസമയം, ഉടന്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കാമെന്ന് അറിയിച്ച് കര്‍ഷകരെ സമാധിപ്പിക്കാന്‍ അധികൃതര്‍ ശ്രമം നടത്തുന്നുണ്ട്.

24 മണിക്കൂറിനകം മതിയായ ദുരിതാശ്വാസം ലഭിച്ചില്ലെങ്കില്‍ വീണ്ടും ഗാഗ്രയില്‍ ഇറങ്ങുമെന്ന് കര്‍ഷകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. കൃത്യമായി സഹായമോ രക്ഷാപ്രവര്‍ത്തനമോ ദുരിതാശ്വാസ ക്യാമ്പുകളോ ഏര്‍പ്പെടുത്താത്ത സര്‍ക്കാരിന്റെ അലസ സമീപനമാണ് കനത്ത രോഷത്തിന് ഇടയാക്കുന്നത്.