ലക്‌നോ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 55 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ്‌
നടക്കുന്നത്.

സീതാപൂര്‍, ബാറാബംഗി, ഫൈസാബാദ്, അംബേദ്ക്കര്‍ നഗര്‍, ബഹ്‌റെയ്ക്, ശ്രാവസ്തി, ബാല്‍റാംപുര്‍, ഗൊന്‍ദ, സിദ്ദാര്‍ത്ഥ് നഗര്‍, ബാസ്തി തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.

രണ്ട് മന്ത്രിമാരും 31 എം.എല്‍.എ.മാരും 15 മുന്‍മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും. ലാല്‍ജി വര്‍മ, സംഗ്രാം സിംഗ് വര്‍മ എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന മന്ത്രിമാര്‍.

1.70 ലക്ഷം പേരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ തിരഞ്ഞെടുപ്പില്‍  മായാവതി, രാഹുല്‍ പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. 55 സീറ്റുകളില്‍ര 32 സീറ്റും മായാവതിയുടെ ബി.എസ്.പി പാര്‍ട്ടിയ്ക്ക് പ്രതീക്ഷ നല്‍കുന്ന മണ്ഡലങ്ങളാണ്.

കഴിഞ്ഞ തവണ ആകെ 45 ശതമാനമായിരുന്നു ഇവിടുത്തെ പോളിംഗ് നില. ഭരണപക്ഷമായ ബി.എസ്.പിക്കു നിര്‍ണായക സ്വാധീനമുള്ള മേഖലയിലാണ് ഇന്നത്തെ വോട്ടെടുപ്പ് നടക്കുന്നത്.

2007ലെ തിരഞ്ഞെടുപ്പില്‍  55 മണ്ഡലങ്ങളില്‍ 32 ഇടക്കത്തും ബി.എസ്.പിയും 16 മണ്ഡലങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് നാലും ബി.ജെ.പി മൂന്നിടത്തുമാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ മുസ്‌ലീം
വോട്ടുകള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് അറിയുന്നത്.

കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2123 പോളിംഗ് സ്റ്റേഷനുകള്‍ പ്രശ്‌നബാധിത ബൂത്തുകളായും 3423 പോളിംഗ് സ്റ്റേഷനുകള്‍ അതീവ പ്രശ്‌നബാധിത ബൂത്തുകളായും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇക്കുറി തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി മണ്ഡലപുനര്‍നിര്‍ണയം നടന്നതിനാല്‍  പ്രവചനക്കാര്‍ അത്ര സജീവമായി രംഗത്തില്ല. എങ്കിലും തിരഞ്ഞെടുപ്പ്‌ തൂക്കുസഭയായിരിക്കുമെന്ന് ഭൂരിഭാഗവും ഒരേ സ്വരത്തില്‍ പറയുന്നു. ഒടുവില്‍ പുറത്തുവന്ന ഒരു അഭിപ്രായ സര്‍വേയിലും 403 അംഗസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാനിടയില്ലെന്നാണ് പ്രവചനം.

Malayalam News

Kerala News In English