ലഖ്‌നൗ: കേരളീയരാണ് വിദേശരാജ്യങ്ങളിലേക്ക് ഏറ്റവുമധികം കുടിയേറിപാര്‍ക്കുന്നതെന്ന ധാരണ തിരുത്താന്‍ സമയമായി. പ്രവാസികാര്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് വിദേശങ്ങളില്‍പോയി കുടിയേറുന്നവരില്‍ അധികവും. വര്‍ഷങ്ങളായി നിലനിര്‍ത്തിയിരുന്ന ഒന്നാംസ്ഥാനമാണ് കേരളത്തിന് നഷ്ടമായത്.

2009ല്‍ 1.25 ലക്ഷം ആളുകളാണ് ഉത്തര്‍പ്രദേശില്‍ നിന്നും വിദേശങ്ങളിലെത്തിയത്. ഇതേ കാലയളവില്‍ കേരളത്തില്‍ നിന്നും വിദേശത്തെത്തിയവരുടെ എണ്ണം 1.19 ലക്ഷമാണ്. ഈവര്‍ഷം ഇതുവരെയായി 68,375 ആളുകള്‍ ഉത്തര്‍പ്രദേശില്‍ നിന്നും വിദേശരാഷ്ട്രങ്ങള്‍ ലക്ഷ്യമാക്കി വിമാനം കയറിയപ്പോള്‍ കേരളത്തില്‍ നിന്നുമുള്ള ആളുകളുടെ എണ്ണം 45,278 ആണെന്നും പ്രവാസികാര്യ വകുപ്പിന്റെ രേഖകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ച് വിദേശത്തെത്തുന്നവരുടെ കണക്കുകളാണ് പ്രവാസിമന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ഇതാണ് പട്ടികയില്‍ കേരളം പിന്നിലാകാന്‍ കാരണമെന്ന് സംസ്ഥാന ആസൂത്രണ കമ്മീഷന്‍ അംഗം കെ എന്‍ ഹരിലാല്‍ പറയുന്നു. ഗള്‍ഫ് അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നുവരുന്ന പണമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.

സംസ്ഥാനത്തിനകത്ത് തന്നെ കൂടുതല്‍ തൊഴിവസരങ്ങള്‍ ലഭ്യമായതാകാം ഒരുപക്ഷേ ഇത്തരമൊരു മാറ്റത്തിന് കാരണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.