എഡിറ്റര്‍
എഡിറ്റര്‍
യു.പി നിയമസഭാ സമ്മേളനത്തിനിടെ കയ്യാങ്കളി: ഗവര്‍ണര്‍ക്കുനേരെ പേപ്പര്‍ ഏറിഞ്ഞു
എഡിറ്റര്‍
Monday 15th May 2017 2:40pm

ലഖ്‌നോ: തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ യു.പി നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ കയ്യാങ്കളി. ബി.ജെ.പി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

പ്രതിപക്ഷ നേതാക്കള്‍ വിസില്‍ വിളിക്കുകയും ഗവര്‍ണര്‍ രാം നായിക്കിനുനേരെ കടലാസെറിയുകയും ചെയ്തു. യു.പിയിലെ ക്രമസമാധാന നില തകര്‍ന്നെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

വിധാന്‍ സഭയില്‍ ഗവര്‍ണര്‍ രാം നായിക്ക് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയതോടെ ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഗവര്‍ണര്‍ക്കുനേരെ പേപ്പര്‍ എറിഞ്ഞ പ്രതിപക്ഷ എം.എല്‍.എമാരെ സുരക്ഷാ ചുമതലക്കാര്‍ പുറത്താക്കി.


Must Read: യുവാക്കള്‍ക്കിടയിലുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ക്രൂരമര്‍ദ്ദനം: ജനനേന്ദ്രിയം അടിച്ചു തകര്‍ത്തതായി പരാതി 


പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ഗവര്‍ണര്‍ വിധാന്‍ സഭയില്‍ എത്തിയപ്പോള്‍ മുതല്‍ ബി.എസ്.പി, എസ്.പി അംഗങ്ങള്‍ ബഹളം വച്ചു. ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയതും പ്രതിപക്ഷം ഇരിപ്പിടത്തില്‍ നിന്നും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

നിയമസഭാ സ്പീക്കര്‍ ഹൃദയ നരൈന്‍ ദിക്ഷീത് എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എം.എല്‍.എമാര്‍ ബഹളം തുടര്‍ന്നു. ‘യു.പി മുഴുവന്‍ നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ്’ എന്നുവരെ ഗവര്‍ണര്‍ ഒരു വേള പറഞ്ഞു.


Must Read: ‘മിലന്‍ കുന്ദേരയെ വായിച്ച സൗത്ത് ഇന്ത്യയിലെ ഏക രാഷ്ട്രീയക്കാരന്‍’; ശബരീനാഥിനെയും ദിവ്യയെയും ട്രോളി സോഷ്യല്‍ മീഡിയ


ബി.ജെ.പി അധികാരത്തിലെത്തിയശേഷമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. വടക്കന്‍ യു.പിയിലെ സംബാലില്‍ അടുത്തിടെ വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നു. കൂടാതെ യു.പിയിലെ ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങളും വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്.

സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട പൊതു നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി യോഗം ചേരുമെന്ന് പ്രതിപക്ഷ നേതാവും സമാജ്‌വാദി പാര്‍ട്ടി അംഗവുമായ റാം ഗോവിന്ദ് ചൗധരി പറഞ്ഞു. സംസ്ഥാനത്തെ വര്‍ഗീയ കക്ഷിക്കെതിരെ പ്രതിപക്ഷം സംയുക്തമായി നീങ്ങേണ്ടത് ആവശ്യമാണെന്നും അതിലൂടെ വര്‍ഗീയ തുടച്ചു നീക്കണമെന്നും ഗോവിന്ദ് ചൗധരി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പൊതു പ്രതിപക്ഷമാണ് ഉണ്ടാകേണ്ടതെന്നും പാര്‍ട്ടി അതിന് തയാറാണെന്നും ബി.എസ്.പി നേതാവ് ലാല്‍ജി വര്‍മ പറഞ്ഞു.

Advertisement