ഡെറാഡൂണ്‍: ഗംഗയെ മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരമനുഷ്ഠിക്കുന്നതിനിടെ സ്വാമി നിഗമാനന്ദമരിച്ചത് സി.ബി.ഐ അന്വേഷിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രമേശ് പോഖ്രിയാല്‍ ആവശ്യപ്പെട്ടു. ചികില്‍സയ്ക്കിടെ വിഷം നല്‍കിയതിനാലാണ് നിഗമാനന്ദിനെ അബോധാവസ്ഥയിലേക്കും മരണത്തിലേക്കും നയിച്ചതെന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം വേണമെന്നാവശ്യവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്.

ഹരിദ്വാറിലെ മാത്രിസദന്‍ ആശ്രമത്തിലെ സന്ന്യാസിയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന് ഐ.ബി.എന്‍ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗംഗയ്ക്ക് സമീപത്തെ ക്വാറികള്‍ നിര്‍ത്തലാക്കുക, കുംഭമേള നടക്കുന്ന മേഖലയില്‍ നിന്ന് കരിങ്കല്‍ ക്രഷറുകള്‍ മാറ്റുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫിബ്രവരി 19നാണ് സ്വാമി നിഗമാനന്ദ് നിരാഹാരം തുടങ്ങിയത്. സ്വാമി നിരാഹാരം അനുഷ്ഠിക്കുന്നത് പ്രദേശത്തെ ഖനന മാഫിയക്ക് വലിയ തലവേദനയായിരുന്നു.

മരണംസംബന്ധിച്ച് നിഷ്പക്ഷവും സൂക്ഷ്മവുമായ അന്വേഷണം വേണമെന്ന് ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. വിവിധ സംഘടനകളും മാധ്യമങ്ങളും സ്വാമിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടെന്നും നിഷ്പക്ഷമായ ഒരന്വേഷണം മാത്രമാണ് ഇതിനൊരു പരിഹാരമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സ്വാമിയുടെ കുടുംബാംഗങ്ങളും മാത്രിസദന്‍ ചീഫ് സ്വാമി ശിവാനന്ദുമെല്ലാം വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്.