ന്യൂദല്‍ഹി:പ്രശസ്ത ഹാര്‍മോണിയം വിദ്വാന്‍ ഉസ്താദ് മെഹ്മൂദ് ധോല്‍പൂരി (58) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന രണ്ടുമാസത്തിലേറെയായി ആശുപത്രിയിലായിരുന്നു.സംസ്‌കാരം കുടുംബ ആസ്ഥാനമായ രാജസ്ഥാനിലെ ധോല്‍പൂരില്‍ നടക്കും.

സംഗീതത്തില്‍ പിതാവിന്റെയും മുത്തച്ഛന്റെയും പാരമ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. മുത്തച്ഛന്‍ ഉസ്താദ് ബുദ്ധാ ഖാനില്‍ നിന്ന് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ ഹൃദിസ്ഥമാക്കിയ അദ്ദേഹം പിതാവ് ഉസ്താദ് നസീര്‍ അഹമ്മദ് ഖാന്റെ ശിഷ്യത്വത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി.

ഭിംസണ്‍ ജോഷി, കിഷോരി അമോന്‍കര്‍, ഗിരിജാ ദേവി, പണ്ഡിറ്റ് യസ്‌രാജ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ഇന്ത്യയിലും വിദേശത്തും സംഗീതപരിപാടികളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തെ 2006 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഈ ബഹുമതിയ്ക്ക് അര്‍ഹനാകുന്ന ആദ്യത്തെ ഹാര്‍മോണിയം വിദ്വാനാണ് ഉസ്താദ് മെഹ്മൂദ് ധോല്‍പൂരി.

പ്രശസ്ത സാരംഗി വിദ്വാന്‍ ഫക്രുദ്ദീന്‍ ധോല്‍പൂരി ഇദ്ദേഹത്തിന്റെ മൂത്തപുത്രനാണ്.