എഡിറ്റര്‍
എഡിറ്റര്‍
ഒട്ടകം പാരയായി; ഉസ്താദ് ഹോട്ടല്‍ റിലീസിംഗ് മാറ്റി
എഡിറ്റര്‍
Friday 22nd June 2012 11:22am

തിരുവനന്തപുരം:  സെക്കന്റ് ഷോയ്ക്കുശേഷം മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായകനാകുന്ന ‘ഉസ്താദ് ഹോട്ടലി’ന്റെ റിലീസിംഗ് മാറ്റി. ചിത്രം ജൂണ്‍ 22 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസിന് വൈല്‍ഡ് ലൈഫ് അതോറിറ്റിയുടെ അനുമതി കിട്ടാതിരുന്നത് ചിത്രത്തിന് പാരയാവുകയായിരുന്നു.

ഉസ്താദ് ഹോട്ടലില്‍ ഒട്ടകം ഉള്‍പ്പെടുന്ന രംഗമുണ്ട്. അതുകൊണ്ടുതന്നെ ചിത്രം റിലീസ് ചെയ്യാന്‍ വൈല്‍ഡ് ലൈഫ് അതോറ്റിയുടെ അനുമതി ആവശ്യമാണ്. ഈ അനുമതി ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷ.

ജൂണ്‍ 29നേക്കാണ് ചിത്രത്തിന്റെ റിലീസ് മാറ്റി നിശ്ചയിച്ചിട്ടുള്ളത്. ഇതിനുള്ളില്‍ അനുമതി നേടിയെടുക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ രാജമാണിക്യം, ഛോട്ടാമുംബൈ എന്നിവ ഒരുക്കിയ അന്‍വര്‍ റഷീദാണ് ഉസ്താദ് ഹോട്ടല്‍ സംവിധാനം ചെയ്യുന്നത്. സംവിധായികയായ അഞ്ജലി മേനോന്‍ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഉസ്താദ് ഹോട്ടല്‍.

കരീംക്ക എന്ന ഉപ്പാപ്പയും കൊച്ചുമകന്‍ ഫൈസിയും തമ്മിലുള്ള അസാധാരണമായ ഒരടുപ്പമാണ് ചിത്രത്തിന്റെ കാതല്‍. ഫൈസിയെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. കരീംക്കയായി തിലകനെത്തുന്നു. ഇതോടൊപ്പം മനോഹരമായ ഒരു പ്രണയകഥയും ചിത്രത്തെ സജീവമാക്കുന്നു. നിത്യാമേനോന്‍ ആണ് ദുല്‍ഖറിന്റെ നായിക. സിദ്ദിഖ്, മണിയന്‍പിള്ള രാജു, ഭഗത്, മാമുക്കോയ, ബിനു, ജോസഫ്, കുഞ്ചന്‍, പ്രേംപ്രകാശ്, ലെന തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കോഴിക്കോട്, കൊച്ചി, ദുബൈ, രാജസ്ഥാന്‍, മധുര എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തത്.  ഗോപീസുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ അപ്പങ്ങള്‍ എമ്പാടും എന്ന ഗാനം ഇതിനകം തന്നെ യൂട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു.

Advertisement