usi-aradന്യൂദല്‍ഹി: ഇസ്രായേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉസി അറാദ് ഇന്ത്യയില്‍ രഹസ്യ സന്ദര്‍ശനം നടത്തി. മാധ്യമങ്ങളെ അറിയിക്കാതെയും ഔദ്യോഗികപരിപാടികളൊന്നും പുറത്തുവിടാതെയുമായിരുന്നു സന്ദര്‍ശനം. കഴിഞ്ഞ തിങ്കളാഴ്ചയാണ് അറാദ് ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനുമായി അറാദ് കൂടിക്കാഴ്ച നടത്തി.
ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധത്തിനെതിരെ രാജ്യത്തു കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് അറാദിന്റെ സന്ദര്‍ശനം രഹസ്യമാക്കിവച്ചത്. ഇറാന്‍ ആണവശേഷി കൈവരിക്കുന്നതു തടയുക, ഇന്ത്യയിലെത്തുന്ന ഇസ്രായേല്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ നാരായണനുമായി ചര്‍ച്ചചെയ്തുവെന്നാണ് വിവരം. ഇസ്രായേല്‍ സഹകരണത്തോടെ മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ചും ഇസ്രായേലില്‍നിന്നു വാങ്ങാനുദ്ദേശിക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ചചെയ്തു.