ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി കടുത്ത തയ്യാറെടുപ്പാണ് ഇരു ടീമകളും നടത്തുന്നത്. ഇംഗ്ലണ്ടിന് കഴിഞ്ഞ വര്‍ഷത്തെ വിജയം ആവര്‍ത്തിക്കുകയാണ് വേണ്ടതെങ്കില്‍ ഇന്ത്യ ഒരു മധുരപ്രതികാരമാണ് ലക്ഷ്യം വെക്കുന്നത്.

Ads By Google

പര്യടനത്തിനെത്തിയ ടീമംഗങ്ങളുടെ ആരോഗ്യം വഷളാവുന്നതാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ടീമിലെ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ കഴിഞ്ഞ സന്നാഹ മത്സരത്തിനിടയില്‍ ശര്‍ദ്ദിച്ചതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

മാറ്റിന് അസുഖമായതിനേക്കാള്‍ അതിന് ശേഷമുണ്ടായ കാര്യങ്ങളാണ് ഏറെ വാര്‍ത്തയായത്.

ചായ സമയത്ത് ആരോഗ്യസ്ഥിതി മോശമായ മാറ്റിന് പകരം പന്ത്രണ്ടാമനായ ജോണി ബെയര്‍സ്‌റ്റോയെ പകരക്കാരനാക്കണമെന്ന അലാസ്റ്റയര്‍ കൂക്കിന്റെ ആവശ്യം ക്രിക്കറ്റ് നിയമപ്രകാരം സാധ്യമല്ലെന്നായിരുന്നു അംപയറുടെ മറുപടി.

ഇത് കുക്കിനെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ അല്‍പ്പം സാമാന്യ ബോധം ഉപയോഗിക്കണമെന്നായിരുന്നു അംപയറോടുള്ള പ്രതികരണം.

എന്തായാലും, കുക്കിന്റെ പരാതി ബി.സി.സി.ഐ ഗൗരവത്തിലെടുത്തിരിക്കുകയാണെന്നാണ് അറിയുന്നത്. ബാരിസ്റ്റോയെ കീപ്പറായി ഉള്‍പ്പെടുത്തുമെന്നാണ് പുതിയതായി കേള്‍ക്കുന്ന കാര്യങ്ങള്‍.

ക്രിക്കറ്റ് നിയമപ്രകാരം ടീമിലെ പന്ത്രണ്ടാംകാരന് ബൗള്‍ ചെയ്യാനോ, ബാറ്റ് ചെയ്യാനോ, കീപ്പറാവാനോ പാടില്ല. എങ്കിലും ടീമിലെ ഒരേയൊരു വിക്കറ്റ് കീപ്പറായ മാറ്റിന് അസുഖമായതിനാല്‍ മറ്റ് മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ പുതിയ മാര്‍ഗം നോക്കാന്‍ തന്നെയാണ് തീരുമാനം.