എഡിറ്റര്‍
എഡിറ്റര്‍
അനുയോജ്യനായ സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ നിഷേധവോട്ടാവാം: അണ്ണാ ഹസാരെ
എഡിറ്റര്‍
Tuesday 18th March 2014 12:23am

anna-hazare

റലെഗന്‍സിദ്ധി: മികച്ച വ്യക്തിത്വവും പ്രതിച്ഛായയും ഉള്ള സ്ഥാനാര്‍ത്ഥിയില്ലെന്നു കണ്ടാല്‍ നിഷേധവോട്ട് പ്രയോജനപ്പെടുത്താവുന്നതാണെന്ന് അണ്ണാ ഹസാരെ.

ഭരണം മാറിയാല്‍ മാത്രം രാജ്യത്ത് മാറ്റമുണ്ടാകില്ലെന്നും അഴിമതിയില്‍ ഒരു പാര്‍ട്ടിക്ക് ബിരുദമാണുള്ളതെങ്കില്‍ മറ്റേതിന് ബിരുദാനന്തര ബിരുദമാണുള്ളതെന്നും ഹസാരെ പറഞ്ഞു.

ഭരണാധികാരികളെ മാറ്റിയത് കൊണ്ട് മാത്രം അടിസ്ഥാനപരമായി മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് സമൂല മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നവരെയാണ് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും അയക്കേണ്ടതെന്നും ഹസാരെ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

അഴിമതിക്കാരനോ, ഗുണ്ടയോ ആയ ഒരാളെ ഏതെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ പാര്‍ട്ടിക്ക് പറ്റിയ തെറ്റ് തങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നും ഹസാരെ ഓര്‍മിപ്പിച്ചു.

പ്രലോഭനങ്ങള്‍ക്ക് വഴങ്ങി അഴിമതിക്കാരനെയോ ക്രിമിനലിനെയോ തെരഞ്ഞെടുക്കില്ലെന്ന് വോട്ടര്‍മാര്‍ ദൃഢപ്രതിജ്ഞയെടുക്കണം. വോട്ടര്‍മാര്‍ ജനാധിപത്യത്തിന്റെ നെടുന്തൂണാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ നിഷേധവോട്ട് ചെയ്യാവുന്നതാണെന്നാണ് ഹസാരെ വോട്ടര്‍മാരോട് പറയുന്നത്.

അനീതി അഭിമുഖീകരിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആളുകള്‍ തീരുമാനമെടുക്കുമെങ്കിലും ഇരുന്നൂറോ അഞ്ഞൂറോ അല്ലെങ്കില്‍  നല്ലൊരു വിരുന്നോ കിട്ടുമ്പോഴേക്കും അവര്‍ എല്ലാം മറക്കുമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.

Advertisement