ലണ്ടന്‍: നൂറ് മീറ്ററില്‍ നേടിയ സ്വര്‍ണത്തിന്റെ ചൂടാറും മുമ്പേ ലഭിച്ച അടുത്ത സ്വര്‍ണത്തില്‍ മതിമറന്നിരിക്കുകയാണ് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്.

എന്ത് പ്രതീക്ഷിച്ചാണോ താന്‍ ഇവിടെ വന്നത് അത് നേടിയെന്നാണ് മത്സരശേഷം ബോള്‍ട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Ads By Google

‘ലോകത്തെ ഏറ്റവും മികച്ച ഓട്ടക്കാരനാവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നു. എന്റെ കഴിവില്‍ സംശയം പ്രകടിപ്പിക്കുകയും ചില അവസരങ്ങളിലെങ്കിലും എന്നെ വിമര്‍ശിച്ചവര്‍ക്കുമായി ഞാന്‍ ഈ മെഡല്‍ സമര്‍പ്പിക്കുകയാണ്. അവരാണ് എന്റെ കഴിവ് പുറത്തെടുക്കാന്‍ സഹായിച്ചത്.

ഏറ്റവും കൂടുതല്‍ വേഗതയുള്ള രാജ്യമാണ് ജമൈക്ക എന്ന് ഞങ്ങള്‍ തെളിയിച്ചിരിക്കുന്നു. ഇതിനേക്കാളേറെ ഒരു രാജ്യത്തിന് സന്തോഷം നല്‍കുന്ന കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.

ഒളിമ്പിക്‌സ് വേദിയില്‍ ജമൈക്കയുടെ മൂന്ന് പതാകകള്‍ ഉയരുന്ന നിമിഷമായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല മൂഹൂര്‍ത്തം’- ബോള്‍ട്ട് പറഞ്ഞു.

ട്രാക്കിലും പുറത്തും കനത്ത വെല്ലുവിളി ഉയര്‍ത്തിയ കൂട്ടുകാരന്‍ യൊഹാന്‍ ബ്ലെയ്ക്കിന് തൊടാനാവാതെ 19.32 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. അവസാന 50 മീറ്ററില്‍ അട്ടിമറിയുടെ മുന്നറിയിപ്പുമായി ബോള്‍ട്ടിന് ശരിക്കും വെല്ലുവിളി ഉയര്‍ത്തിയ ബ്ലെയ്ക്ക് 19.44 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.

പരിക്കിന്റെ പിടിയില്‍ വലഞ്ഞ ബോള്‍ട്ടിനെ ഈ സീസണില്‍ രണ്ടുവട്ടം ബ്ലെയ്ക്ക് അട്ടിമറിച്ചതോടെയാണ് 200 മീറ്റര്‍ ഫൈനലിന് മേല്‍ ആശങ്കയുടെയും ഉദ്വേഗത്തിന്റെയും നിഴല്‍ പരന്നത്. എന്നാല്‍, തന്റെ കരുത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ ഒരു ആശങ്കയ്ക്കും  ഉദ്വേഗത്തിനും സ്ഥാനമില്ലെന്ന് ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കും മട്ടിലായിരുന്നു ബോള്‍ട്ടിന്റെ റേസ്.

ഇരുവരുടെയും സീസണിലെ മികച്ച സമയമാണിത്. മറ്റൊരു ജമൈക്കക്കാരനായ വാറണ്‍ വെയ്ര് തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 19.84 സെക്കന്‍ഡില്‍ വെങ്കലം നേടി. 19.30 സെക്കന്‍ഡാണ് 200 മീറ്ററില്‍ ബോള്‍ട്ടിന്റെ പേരിലുള്ള ഒളിമ്പിക് റെക്കോഡ്. ലോക റെക്കോഡാകട്ടെ 19.19 സെക്കന്‍ഡും.