സ്‌റ്റോക്ക്‌‌ഹോം: കഴിഞ്ഞ രണ്ട് വര്‍ഷവും പരാജയം രുചിച്ച സ്‌റ്റോക്ക്‌ഹോമില്‍ ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന് അനായാസ ജയം. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ ഇഷ്ട ഇനമായ 200 മീറ്ററിലാണ് ബോള്‍ട്ട് സ്വര്‍ണ്ണം നേടിയത്.

100 മീറ്ററിലെയും 200 മീറ്ററിലെയും ലോക റെക്കോര്‍ഡിനുടമയായ ബോള്‍ട്ട് 20.03 സെക്കന്റില്‍ ഓടിയെത്തിയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. എന്നാല്‍ തന്റെ സീസണിലെ മികച്ചസമയമായ 19.86 മറികടക്കാന്‍ ബോള്‍ട്ടിനായില്ല. ജമൈക്കയുടെ തന്നെ മര്‍വിന്‍ ആന്‍ഡേഴ്‌സണ്‍ രണ്ടാമതെത്തിയെങ്കിലും ട്രാക്ക് മാറിയതിനെതുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടു. 20.47 സെക്കന്റോടെ അലാന്‍സെ എഡ്വാര്‍ഡ് വെള്ളിയും 20.56 സെക്കന്റോടെ ജമൈക്കയുടെ തന്നെഐന്‍സ്ലി വൊ വെങ്കലവും സ്വന്തമാക്കി.

2008ല്‍ നാട്ടുകാരനായ അസഫ പവലിനോടും കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ ടൈസണ്‍ ഗേയോടും ബോള്‍ട്ടിന് തോല്‍വി പിണഞ്ഞിരുന്നു. എന്നാലിത്തവണ ആധികാരിക വിജയമാണ് ബോള്‍ട്ട് നേട്യത്. ഇതോടെ അടുത്തമാസം നടക്കുന്ന ലോകചാംപ്യന്‍ഷിപ്പിലും വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബോള്‍ട്ട് .