എഡിറ്റര്‍
എഡിറ്റര്‍
മിന്നല്‍പ്പിണരായി ബോള്‍ട്ട്
എഡിറ്റര്‍
Friday 1st June 2012 11:25am

റോം: കഴിഞ്ഞയാഴ്ച ചെക്ക് റിപ്പബ്ലിക്കില്‍ കരിയറിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ഉസൈന്‍ ബോള്‍ട്ട് ഇന്നലെ റോമില്‍ നടന്ന ഡയമണ്ട് ലീഗില്‍ നൂറു മീറ്ററില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയം കുറിച്ചുകൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചു. 9.76 സെക്കന്റ് കൊണ്ടാണ് ബോള്‍ട്ട് റെക്കോര്‍ഡിലേക്ക്് ഓടിക്കയറിയത്. ഒളിമ്പിക്‌സിന് മുന്നോടിയായി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്ന ബോള്‍ട്ടിന് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് റോമിലെ പ്രകടനം.

ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയില്‍ നടന്ന മീറ്റില്‍ 100 മീറ്റര്‍ ബോള്‍ട്ട് ഓടിയെത്തിയത് 10.04 സെക്കന്റ് കൊണ്ടാണ്്. താരത്തിന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്. ഇതിനെ തുടര്‍ന്ന് ഉസൈന്‍ ബോള്‍ട്ട് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

2009ലെ ടെറന്റോ മീറ്റിലായിരുന്നു ഇതിനു മുന്‍പത്തെ ബോള്‍ട്ടിന്റെ മോശം പ്രകടനം. ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഉസൈന്‍ ബോള്‍ട്ട്. മുന്‍ ലോക റിക്കാര്‍ഡ് ജേതാവും നാട്ടുകാരനുമായ അസഫ പവല്‍ 9.91 സെക്കന്റില്‍ രണ്ടാമനായി ഫിനിഷ് ചെയ്തപ്പോള്‍ ഫ്രാന്‍സിന്റെ ക്രിസ്‌റ്റോഫേ ലമൈതര്‍ 10.04 സെക്കന്റില്‍ മൂന്നാമതായി ഓടിയെത്തി.

‘യൂറോപ്പില്‍ എത്തിയതില്‍ പിന്നെ ശരിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒസ്ട്രാവയിലെ തിരിച്ചടിയ്ക്കു ശേഷം കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ട്. ഉറക്കവും ലഭിക്കുന്നു. പരിശീലനം തന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തി’ വിജയത്തിന് ശേഷം ബോള്‍ട്ട് പ്രതികരിച്ചു.

Advertisement