ന്യൂയോര്‍ക്ക്: ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തു. അറബ് രാഷ്ട്രങ്ങള്‍ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക എതിര്‍ത്തത്.

ഇസ്രായേലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ ശാന്തി പുലരുന്നതിന് ഭംഗം വരുത്തുമെന്ന് ആരോപിക്കുന്ന പ്രമേയമാണ് അറബ് രാഷ്ട്രങ്ങള്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതിനെ മറ്റ് പതിനാല് അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ അമേരിക്ക മാത്രം വീറ്റോ ചെയ്യുകയായിരുന്നു.

മുസ്‌ലിം രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രസിഡന്റ് ഒബാമ നേരത്തേ ഉറപ്പുനല്‍കിയിരുന്നു. ഇസ്രായേലിന്റേയും കോണ്‍ഗ്രസിന്റേയും ശക്തമായ സമ്മര്‍ദ്ദമാണ് പ്രമേയത്തെ വീറ്റോ ചെയ്യാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്.

പ്രമേയം പിന്‍വലിക്കണമെന്നും പ്രശ്‌നത്തില്‍ മറ്റുപായങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ചര്‍ച്ചചെയ്യാമെന്നും സുരക്ഷാകൗണ്‍സിലില്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.