ഇസ്‌ലാമാബാദ്: പാകിസ്ഥനിലെ ഹഖാനി തീവ്രവാദ ശൃംഖലയ്‌ക്കെതിരെ ആക്രമണം നടത്താന്‍ പാക് അതിര്‍ത്തിയില്‍ അമേരിക്ക പടയൊരുക്കം തുടങ്ങി. വടക്കന്‍ വസീറിസ്ഥാന്‍ ലക്ഷ്യമിട്ട് പാക് അതിര്‍ത്തിയോട് ചേര്‍ന്ന് അഫ്ഗാനിസ്താനിലാണ് പടയൊരുക്കം. വന്‍ ആയുധശേഖരവുമായി നൂറുകണക്കിന് യു.എസ്. സൈനികരെയാണ് പാകിസ്താനിലെ ഗുലാംഖാന്‍ ഗ്രാമത്തോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

അല്‍ഖ്വെയ്ദ ബന്ധമുള്ള ഹഖാനി തീവ്രവാദ സംഘടനക്ക് പാകിസ്ഥാന്‍ താവളമൊരുക്കുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. ഹഖാനി സംഘത്തിനെതിരെ നടപടി എടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഉസാമ ബിന്‍ ലാദനെ വധിച്ചതു പോലെയുള്ള ഏകപക്ഷീയമായ ആക്രമണം നേരിടേണ്ടിവരുമെന്നും അമേരിക്ക പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാഴ്ചമുമ്പ് പ്രസിഡന്റ് ബരാക് ഒബാമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാസമിതി യോഗമാണ് ഹഖാനി ശൃംഖലയ്‌ക്കെതിരെ ആക്രമണം ശക്തിപ്പെടുത്താന്‍ തീരുമാനം എടുത്തത്.

കര്‍ഫ്യൂ പ്രഖ്യാപിച്ച കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ ഖോസ്തില്‍ വീടുവീടാന്തരം കയറി യു.എസ്. സേന തിരച്ചില്‍ നടത്തുന്നുണ്ട്. പാകിസ്താനിലെ ഗ്രാമമായ ഗുലാം ഖാനിനെയും അഫ്ഗാനിസ്ഥാനിലെ ഖോസ്ത് മേഖലയെയും ബന്ധിപ്പിച്ചിരുന്ന റോഡ് യു.എസ്. സൈന്യം അടച്ചിട്ടുണ്ട്. നാറ്റോ യുദ്ധവിമാനങ്ങള്‍ പ്രദേശത്ത് എത്തിക്കഴിഞ്ഞു.

ഇരുരാജ്യങ്ങളും തമ്മില്‍ ഇതേത്തുടര്‍ന്നുണ്ടായ നയതന്ത്ര അസ്വാരസ്യങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് അമേരിക്കയുടെ ഈ പടനീക്കം. അതിര്‍ത്തിയിലെ പടനീക്കം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമേരിക്ക പാകിസ്ഥാന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് പാക് പ്രതിരോധമന്ത്രി അഹമ്മദ് മുഖ്താര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.