വാഷിംങ്ടണ്‍: ഇസ്രായേലുമായി ചര്‍ച്ചചെയ്യാതെ സ്വതന്ത്രരാഷ്ട്ര പദവിക്ക് ഐക്യാരാഷ്ട്രസഭയെ സമീപിച്ചാല്‍ ഫലസ്തീന്‍ അതോറിറ്റിക്ക് നല്‍കിവരുന്ന സഹായം വെട്ടിക്കുറയ്ക്കുമെന്ന് അമേരിക്കയുടെ ഭീഷണി. അമേരിക്കന്‍ സെനറ്റ് ഏകകണ്ഠമായാണ് ഫലസ്തീനെതിരെ നിലപാട് വ്യക്തമാക്കിയത്. നൂറംഗ സെനറ്റിലെ ഓരോ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തിന് എല്ലാവരും പ്രയോജകരായി.

സ്വതന്ത്ര ഫലസ്തീന് അംഗീകാരം നല്‍കുന്ന വിഷയം യുഎന്‍ രക്ഷാസമിതിക്ക് മുന്നില്‍ വന്നാല്‍ വീറ്റോ ചെയ്യുമെന്ന് പ്രഖ്യാപിക്കാന്‍ സെനറ്റ് പ്രസിഡന്റ് ബറാക് ഒബാമയോട് ആവശ്യപ്പെട്ടു. സമാനമായ ഭീഷണി പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രതിനിധിസഭയും ഉടന്‍ പാസാക്കുമെന്നാണ് സൂചന. ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ ജൂത കുടിയേറ്റകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ അവരുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയ ഫലസ്തീന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാവണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍, ചര്‍ച്ച തുടരുമ്പോള്‍ ഇസ്രായേല്‍ കൂടുതല്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നത് തടയാന്‍ യു.എന്നിനെപ്പോലും അമേരിക്ക അനുവദിക്കില്ല.

അമേരിക്കന്‍ ഭീഷണി ഫലസ്തീന്‍ തള്ളി. അമേരിക്കയുടെ അന്ധമായ ഇസ്രായേലിന്റെ പക്ഷപാതത്തിന്റെ ഫലമായ പ്രമേയം തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള അമേരിക്കയുടെ പുതിയ ശ്രമമാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് നിമര്‍ ഹമ്മദ് പറഞ്ഞു. ഇത്തരം സമ്മര്‍ദശ്രമങ്ങള്‍ക്ക് മുന്നില്‍ ഫലസ്തീന്‍ ജനത കീഴടങ്ങില്ലെന്നും അ്‌ദ്ദേഹം വ്യക്തമാക്കി.