മിസോറി: ഒമ്പതുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പതിനെട്ടുകാരി അറസ്റ്റില്‍. എലീസ ബസ്റ്റമെന്റ് എന്ന പതിനെട്ടുകാരിയാണ്‌ എലിസബത്ത് ഓള്‍ട്ടന്‍ എന്ന കുട്ടിയെ ക്രൂരമായി കൊന്നത്. സെന്‍ട്രല്‍ മിസോറിയിലാണ് സംഭവം നടന്നത്.

ഒരാളെ കൊലചെയ്യുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ എന്തെന്നറിയാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് എലീസ പോലീസിന് മൊഴി നല്‍കി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് എലീസ. 2009 ഒക്ടോബറിലാണ് എലിസബത്ത് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് എലീസ പിടിയിലായത്.

Subscribe Us:

ജെഫേഴ്‌സണ്‍ സിറ്റിയില്‍ താമസിക്കുന്ന എലിസബത്തിനെ കഴുത്തറുത്ത് കൊന്ന ശേഷം  ശരീരം വെട്ടി നുറുക്കി തുണിയില്‍ പൊതിഞ്ഞ് വീടിനടുത്ത് കുഴിച്ചിടുകയായിരുന്നു. കൊലപാതകം നടത്തിയ സ്ഥലവും മൃതദേഹം മറവ് ചെയ്ത സ്ഥലവും എലീസ പോലീസിന് കാണിച്ചുകൊടുത്തു.

എലീസ വര്‍ഷങ്ങളായി മാനസികനില തെറ്റിയ അവസ്ഥയിലാണെന്നും വേദനസംഹാരികള്‍ കഴിച്ച് പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പോലീസില്‍ മൊഴിനല്‍കി. എന്നാല്‍ ആ വാദം അംഗീകരിക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്.

വളരെ ആലോചിച്ച് ചെയ്ത് ഒരു കൊലപാതകമായേ ഇതിനെ കാണാന്‍ കഴിയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അയല്‍ക്കാരിയായ എലിസബത്തിനെ കളിക്കാന്‍ വേണ്ടിയാണ് എലീസ ക്ഷണിച്ചു വരുത്തിയത്. എലീസയുടെ സഹോദരിയെ വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് പറഞ്ഞയച്ചതിനു ശേഷമായിരുന്നു എലിസബത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. അതിനുശേഷം അതിക്രൂരമായി എലിസബത്തിനെ കൊല്ലുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

എന്തിനു വേണ്ടിയാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തുവെന്ന ചോദ്യത്തിന് എലീസയുടെ മറുപടി വിചിത്രമായിരുന്നെന്ന് പോലീസ് പറഞ്ഞു. ‘ കൊലചെയ്യുന്നതിനെ പറ്റി കേട്ടിട്ടുണ്ടെന്നല്ലാതെ അത് എങ്ങനെയായിരിക്കുമെന്നും അപ്പോഴുണ്ടാകുന്ന മാനസികാവസ്ഥ എന്തെന്നും എനിയ്ക്ക അറിയില്ലായിരുന്നു. അത് അറിയണമെന്ന് തോന്നി. അതിനുവേണ്ടിയാണ് എലിസബത്തിനെ കൊല്ലാന്‍ തീരുമാനിച്ചത്. ഒരാളെ കൊല്ലുക എന്നത് നിസ്സാരമാണ്. ആ സമയത്ത് ഞാന്‍ ഒരുപാട് സന്തോഷിച്ചു. ‘

എലിസബത്തിനെ കൊന്നതിനുശേഷം എലീസ അടുത്തുള്ള ചര്‍ച്ചില്‍ പോയി അവിടെ നടന്നിരുന്ന പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായും  മൊഴിനല്‍കി. പിന്നീട് എലിസബത്തിനെ കാണാതെ രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ അതിനു മുന്നില്‍ നില്‍ക്കാനും എലീസയുണ്ടായിരുന്നു. എലീസയെ കോടതി റിമാന്‍ഡില്‍ വിട്ടു.

Malayalam News

Kerala News In English