വാഷിംഗ്ടണ്‍: അമേരിക്ക ഒരു കാലത്തും ഇസ്‌ലാമിനു എതിരെ യുദ്ധത്തില്‍ ആയിരുന്നില്ലെന്ന് പ്രസിഡന്റ് ബറാക്ക് ഒബാമ. അമേരിക്കയും സഖ്യരാജ്യങ്ങളും അല്‍ ഖയിദയ്‌ക്കെതിരെയാണ് യുദ്ധം ചെയ്യുന്നത്. അല്‍ ഖയിദയുടെ ആക്രമണങ്ങള്‍ക്കു ഇരയാവുന്നവരില്‍ നല്ലൊരുശതമാനവും മുസ്‌ലീങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക ഒരിക്കല്‍ പോലും ഇസ്‌ലാമുകളോട് വേര്‍തിരിവ് കാണിച്ചിട്ടില്ല. സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പറയുമ്പോള്‍ അല്‍- ക്വയ്ദയുടെ ആക്രമണം യു.എസിനു നേര്‍ക്കു മാത്രമായിരുന്നില്ല. ലോകത്തോടും മാനുഷിക മൂല്യങ്ങളോടുമുള്ള വെല്ലുവിളിയായിരുന്നുവെന്നു അതെന്നും ഒബാമ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരപരാധികളായ 3000 പേരാണ് അന്നു കൊല്ലപ്പെട്ടത്. ഇതില്‍ വിവിധ മതത്തില്‍പെട്ടവരും വ്യത്യസ്ത സംസ്‌കാരങ്ങളുള്ളവരും സ്ത്രീകളും യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെട്ടിരുന്നു- അദ്ദേഹം വ്യക്തമാക്കി.

9/11 ഭീകരാക്രമണം 10 വര്‍ഷം പിന്നിടുമ്പോള്‍ ഇവരുടെ ഓര്‍മയില്‍ രാജ്യം പങ്കുചേരുന്നു. -ഒബാമ പറഞ്ഞു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഈ സംഭവത്തെ ലോകം ഒറ്റക്കെട്ടായാണ് ഓര്‍ക്കുക. ഭീകരാക്രമണത്തിനു ഇരയായവര്‍ക്കു വേണ്ടി വിവിധ രാജ്യങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും മറ്റും നടക്കും. അല്‍ ഖയിദയേയും താലിബാനെയും ഒരുപരിധിവരെ അഫ്ഗാനിസ്ഥാനില്‍ നിന്നു തുടച്ചുനീക്കാന്‍ യുഎസിനും സഖ്യരാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ബിന്‍ലാദനെ വധിച്ച സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സൈന്യത്തിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും കഠിനശ്രമങ്ങളുടെ ഫലമായി ഇന്ന് അമേരിക്ക അല്‍-ഖയിദയെ പരാജയപ്പെടുത്താനുള്ള കഴിവ് നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.