വാഷിംഗ്ടണ്‍: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ അമേരിക്ക 3.25 കോടി രൂപ നല്‍കും. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിതര എന്‍.ജി.ഒകള്‍ക്കാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് പണം നല്‍കുക.

മതപരമായ സംഘര്‍ഷവും വിവേചനവും കുറയ്ക്കുന്നത് ഉറപ്പുവരുത്താനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായം. അക്രമങ്ങളെ ലഘൂകരിക്കുന്നതിനും ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ പരിവര്‍ത്തന പരിപാടികള്‍ നടപ്പിലാക്കുകയും മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നവരായിരിക്കണം ഗ്രാന്റിനായി അപേക്ഷിക്കുന്ന എന്‍.ജിഒ.കളെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.


Also Read: ‘ഈ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കുമോ?’; നോട്ട് നിരോധനത്തിന്റെ വാര്‍ഷികത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്


ഈ സംഘടനകള്‍ പൊതുസമൂഹത്തെ അവരുടെ അവകാശങ്ങളെകുറിച്ച് ബോധവത്കരിക്കുകയും പത്രപ്രവര്‍ത്തകര്‍ക്ക് നിയമസംരക്ഷണം നല്‍കുകയും വേണം. മതസ്വാതന്ത്ര്യലംഘനങ്ങള്‍ രേഖപ്പെടുത്തുകയും അധികാരികളെ യഥാസമയം അറിയിക്കുകയും വേണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ അറിയിച്ചു.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റിനൊപ്പം ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമണ്‍ റൈറ്റ്സ് ആന്‍ഡ് ലേബര്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റുകള്‍ ചേര്‍ന്നാണ് ഗ്രാന്റ് നല്‍കുക. സമാനമായ സഹായം ശ്രീലങ്കയ്ക്കും പ്രഖ്യാപിച്ചിട്ടുണ്ട്.


Also Read: കച്ച മുറുക്കി കെജ്‌രിവാള്‍; രഘുറാം രാജനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ എ.എ.പി ഒരുങ്ങുന്നതായി ദ വയര്‍ റിപ്പോര്‍ട്ട്


നിലവില്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് അമേരിക്ക ഗ്രാന്റ് നല്‍കുന്നുണ്ട്. ഇന്ത്യയിലേയും ശ്രീലങ്കയിലേയും അപേക്ഷകരെ സ്‌ക്രീനിങ് നടത്തിയാകും യോഗ്യരായ എന്‍.ജി.ഒകളെ തിരഞ്ഞെടുക്കുക. ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും.