വാഷിങ്ടണ്‍: ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി യു.എസ്.

യു.എസിലെ വ്യക്തികളുമായി കുടുംബബന്ധമുള്ളവര്‍ക്കോ ഏതെങ്കിലും യു.എസ് സ്ഥാപനവുമായി ബന്ധമുള്ളവര്‍ക്കോ മാത്രമേ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബുധനാഴ്ച പുറത്തുവിട്ട നിബന്ധനകളില്‍ പറയുന്നു.

അടുത്ത കുടുംബബന്ധം എന്നതിനെ വിശദീകരിക്കുന്നത് രക്ഷിതാവ്, ജീവിതപങ്കാളി, കുട്ടികള്‍, മകന്റെ ഭാര്യ, മകളുടെ ഭര്‍ത്താവ് എന്നിങ്ങനെയാണ്.

മുത്തച്ഛന്‍, മുത്തശ്ശി, അമ്മാവന്‍, അമ്മായി, കസിന്‍, ഭാര്യ-ഭര്‍തൃ സഹോദരങ്ങള്‍ എന്നിവയൊന്നും അടുത്ത ബന്ധം എന്നതില്‍ ഉള്‍പ്പെടില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്.


Also Read: അല്‍ജസീറയ്ക്ക് പിന്തുണയുമായി അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍; പിന്തുണ പ്രഖ്യാപിച്ചത് എണ്‍പത് മാധ്യമസ്ഥാപനങ്ങള്‍ അംഗമായ ഡി.എന്‍.സി


ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഭാഗികമായി നടപ്പിലാക്കാന്‍ കഴിഞ്ഞദിവസം യു.എസ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രസിഡന്റായി ചുമതലയേറ്റ ഉടനെ കഴിഞ്ഞ മാര്‍ച്ചിലാണ് ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്കെതിരെ അമേരിക്കയുടെ വിലക്കുണ്ടാകുന്നത്. യാത്രികര്‍ക്ക് 90 ദിവസത്തേക്കും അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസത്തേക്കും ട്രംപ് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. കടുത്ത വിമര്‍ശനങ്ങളാണ് ഇതിനെതിരെ ആഗോള തലത്തില്‍ ഉയരുന്നത്.