വാഷിംഗ്ടണ്‍: താലിബാനെ സഹായിക്കുന്ന നടപടി പാകിസ്ഥാന്‍ തുടര്‍ന്നാല്‍ അവര്‍ക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് യു.എസിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാനിലെ യു.എസ് സേനയ്ക്കു നേരെ ആക്രമണം നടത്താന്‍ താലിബാന് പാകിസ്ഥാന്‍ സഹായം നല്‍കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു യു.എസ്.സെനറ്ററിന്റെ ഈ മുന്നറിയിപ്പ്. ആംഡ് സര്‍വ്വീസ് കമ്മിറ്റി അംഗമായ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

യു.എസിനെതിരെ ശത്രുതാപരമായ നടപടിയില്‍ പങ്കു ചേരുന്നതും അഫ്ഗാനിലെ യു.എസ് സൈന്യത്തിന് നേരെയുള്ള ആക്രമണത്തില്‍ നിന്നും പാകിസ്താന്‍ പിന്മാറണമെന്നും സെനറ്റര്‍ ആവശ്യപ്പെട്ടു. ഇത് തുടര്‍ന്നാല്‍ ശക്തമായ നടപടിക്കുള്ള നീക്കം സഭയില്‍ നടത്തും. തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കുകയാണ് പ്രധാനമെന്നും ഗ്രഹാം വ്യക്തമാക്കി.

പാകിസ്താനെതിരെ സൈനിക നടപടിക്ക് താന്‍ ആഹ്വാനം ചെയ്യുന്നില്ല. എന്നാല്‍ സാധിക്കുന്ന എല്ലാ നടപടികളും പരിഗണിക്കും. തന്റെ നിര്‍ദ്ദേശം യു.എസ് കോണ്‍ഗ്രസ് ശരിയായ രീതിയില്‍ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും സെനറ്റര്‍ ഗ്രഹാം പറഞ്ഞു.

കാബൂളിലെ യു.എസ് എംബസിയില്‍ താലിബാന്‍ ആക്രമണം നടത്തിയതും സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിലെ പാക് ബന്ധവുമാണ് പാക്-അമേരിക്ക ബന്ധത്തെ കലുഷിതമാക്കിയത്. ആക്രമണത്തിന് പിന്നില്‍ ഐ.എസ്.ഐ ബന്ധമാണെന്ന് കഴിഞ്ഞ ദിവസം യു.എസ് ആരോപിച്ചിരുന്നു. അതേസമയം, യു.എന്‍ യോഗത്തില്‍ നിന്നും വിദേശകാര്യമന്ത്രി ഹിന റബ്ബാനിയെ കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനി തിരിച്ചു വളിച്ചിരുന്നു.